'എനിക്ക് മെസ്സിയാണ് എക്കാലത്തെയും മികച്ച താരം'; ലയണൽ മെസ്സിയെ വാഴ്ത്തി ലമിൻ യമാൽ
സ്പാനിഷ് യുവതാരം ലമിൻ യമാൽ വീണ്ടും ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ പ്രശംസിച്ച് രംഗത്തെത്തി. "എനിക്ക് മെസ്സിയാണ് എക്കാലത്തെയും മികച്ച താരം. അദ്ദേഹം കളിക്കുന്ന ഓരോ മത്സരവും അത് വീണ്ടും വീണ്ടും തെളിയിക്കുകയാണ്," എന്നാണ് യമാലിന്റെ പ്രതികരണം.
"ഇപ്പോഴും മെസ്സിയെക്കുറിച്ച് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ അത് സംശയം കണ്ടെത്താൻ ശ്രമിക്കുന്നതിനാലാണ്. അതിൽ കൂടുതൽ ഒന്നും പറയാനില്ല," എന്നും ബാഴ്സലോണയുടെ യുവതാരം കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ ബാല്യകാല ആരാധ്യ താരം ബ്രസീൽ സൂപ്പർതാരം നെയ്മറാണെന്നും യമാൽ വ്യക്തമാക്കി. എന്നാൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന കാര്യത്തിൽ മെസ്സിക്ക് പകരം മറ്റാരുമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
18-ാം വയസിൽ തന്നെ ലോക ഫുട്ബോളിലെ ഏറ്റവും തിളക്കമേറിയ പ്രതിഭകളിലൊരാളായി മാറിയ യമാലിനെ പലരും മെസ്സിയുമായി താരതമ്യം ചെയ്യുന്നുണ്ടെങ്കിലും, താൻ സ്വന്തം ശൈലിയിലാണ് മുന്നേറാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.