ചൈനീസ് തുറമുഖത്ത് വിദേശ ചരക്കുകപ്പലിന് തീപിടിത്തം; വൻ ആൾനാശം, 20 പേർ മരിച്ചു
ചൈനയിലെ ക്വിങ്ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന വിദേശ പതാകയുള്ള ചരക്കുകപ്പലിൽ വൻ തീപിടിത്തം. അപകടത്തിൽ കുറഞ്ഞത് 20 പേർ മരിക്കുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
ക്വിങ്ദാവോയിലെ ബെയ്ഹായ് ഷിപ്പ്‌ബിൽഡിങ് കമ്പനിയുടെ കപ്പൽശാലയിൽ അറ്റകുറ്റപ്പണികൾക്കായി എത്തിയ കപ്പലിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം ഉണ്ടാകുമ്പോൾ കപ്പലിൽ 42 പേരുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇതിൽ 17 പേരെ രക്ഷപ്പെടുത്തി മാറ്റി. രക്ഷപ്പെടുത്തിയവരിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
രാവിലെ 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചയ്ക്ക് 2.30ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കാണാതായവർക്കായി രക്ഷാപ്രവർത്തകരും അധികൃതരും തിരച്ചിൽ തുടരുകയാണ്.
സംഭവത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനും ഉത്തരവാദികളെ കണ്ടെത്തുന്നതിനുമായി വിശദമായ അന്വേഷണം നടത്താനും നിർദേശിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തീപിടിത്തം അറ്റകുറ്റപ്പണികൾക്കിടെയുണ്ടായതാണെന്നാണ് പ്രാഥമിക വിവരം. കാണാതായവർക്കായുള്ള തിരച്ചിൽ പൂർത്തിയാകുന്നതോടെ ദുരന്തത്തിന്റെ പൂർണ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.