അനാവശ്യ ടെലിമാർക്കറ്റിംഗ് കോളുകൾക്ക് ഫ്രാൻസിൽ വിലക്ക്; ഓഗസ്റ്റ് 11 മുതൽ പുതിയ നിയമം

 
National

ഫ്രാൻസിൽ ഉപഭോക്താക്കളുടെ സമ്മതമില്ലാതെ നടത്തുന്ന ടെലിമാർക്കറ്റിംഗ് കോളുകൾക്ക് ഓഗസ്റ്റ് 11 മുതൽ പൂർണ വിലക്ക് നിലവിൽ വരും. ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്ന വിൽപ്പന കോളുകളും തട്ടിപ്പുകളും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പാക്കുന്നത്. 

പുതിയ നിയമപ്രകാരം, ഉപഭോക്താവ് മുൻകൂർ വ്യക്തമായ സമ്മതം നൽകിയാൽ മാത്രമേ കമ്പനികൾക്ക് പ്രമോഷണൽ കോളുകൾ ചെയ്യാൻ കഴിയൂ. നിലവിലുള്ള കരാറുമായി നേരിട്ട് ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്നതിനുള്ള കോളുകൾക്ക് മാത്രമാണ് ഇതിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. ഉപഭോക്താവിന് നൽകിയ സമ്മതം ഏത് സമയത്തും പിൻവലിക്കാനും അവകാശമുണ്ട്. 

നിയമം ലംഘിച്ച് അനാവശ്യ ടെലിമാർക്കറ്റിംഗ് കോളുകൾ നടത്തുന്ന വ്യക്തികൾക്ക് 75,000 യൂറോ വരെയും കമ്പനികൾക്ക് 375,000 യൂറോ വരെയും പിഴ ചുമത്തും. ഉപഭോക്തൃ പരാതികൾ വർഷങ്ങളായി വർധിച്ചതിനെ തുടർന്നാണ് ഫ്രഞ്ച് സർക്കാർ ഈ കർശന നടപടി സ്വീകരിച്ചത്. 

ഫ്രാൻസിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും അനാവശ്യ വിൽപ്പന കോളുകൾ ലഭിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് സർക്കാർ കണക്ക്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇത്തരം കോളുകൾ ഗണ്യമായി കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.