തവള

അനൂപ് ശാന്തകുമാര്‍
 
frog
frog


മണ്ഡൂകം...

അഥവാ നമ്മുടെ പാവം തവള 

ഏതു തവള എന്നു ചോദിച്ചാല്‍ ഉത്തരം മുട്ടും. കാരണം പച്ച തവള, മഞ്ഞ തവള, മര തവള...എന്നിങ്ങനെ ഒട്ടനവധി തവളകള്‍ നമ്മുടെ നാട്ടിലുണ്ട്. ഇതു കൂടാതെ ഡിസ്‌കവറി ചാനലിലും അനിമല്‍ പ്‌ളാനറ്റിലും കാണുന്നവ വേറെ .

എന്തായാലും മണ്ഡൂകം എന്നാല്‍ 'തവള''... അത്ര തന്നെ

മണ്ഡൂകം സംസ്‌കൃത വാക്കായതു കൊണ്ട് അതിനെക്കുറിച്ച് കൂടുതലൊന്നും എനിക്കറിയില്ല. ഏതു തവളയുമാകാം. സൗകര്യത്തിന് മഴക്കാലത്തു നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന മഴതവള തന്നെ ആയിക്കോട്ടെ .

തവള ഒരു സര്‍വ്വ സാധാരണ ജീവിയാണെങ്കിലും മഴക്കാലത്താണല്ലോ ഇവറ്റകള്‍ കൂടുതലായി കണ്ണില്‍ പെടുക. ഇടവപ്പാതിക്കാലത്ത് രാത്രി കാലങ്ങളില്‍ തവളക്കരച്ചില്‍ ഒരു ശല്യമാണെങ്കിലും, തവളക്കാലിന്റെ രുചി അറിയുന്നവര്‍ക്ക് ആ കരച്ചില്‍ ഒരു സംഗീതം തന്നെയാണ്.

സാധാരണ നെല്‍പാടങ്ങള്‍ക്കോ, കുളങ്ങള്‍ക്കോ അരികില്‍ താമസിക്കുന്നവര്‍ക്കേ തവളക്കരച്ചില്‍ പരിചയമുണ്ടാകൂ എന്നതു കൊണ്ട് മറ്റുള്ള വായനക്കാര്‍ സദയം പൊറുക്കുക. അവര്‍ ഇത്ര മാത്രം അറിയുക തവളകളുടെ കൂട്ടക്കരച്ചില്‍ ഒരു സംഗീതമാണ്, ചീവീടിന്റെ സംഗീതം പോലെ... -

ഇതു തവളയെക്കുറിച്ചുള്ള ഒരു ആമുഖം .

ഇനി എല്‍ കെ ജി പുസ്തകത്തിലും മുന്‍പ് പറഞ്ഞ ഡിസ്‌കവറി ചാനലിലും അനിമല്‍ പ്ലാനെറ്റിലും മാത്രം തവളയെ കണ്ടിട്ടുള്ള കുട്ടികള്‍ക്കു പോലും അറിയാവുന്ന ഒരു തവളയുണ്ട്. ഒരു പഴം ചൊല്ലിലെ തവള ...

കൂപമണ്ഡൂകം.

ഇതും സംസ്‌കൃതം തന്നെ. കിണറ്റിലെ തവള എന്നു പറയും. ഈ കഥയുടെ ചുവടു പിടിച്ചാവണം കുഞ്ചന്‍ നമ്പ്യാര്‍ കുണ്ടു കിണറ്റില്‍ കിടക്കും തവളക്കുഞ്ഞിനു കുന്നിനെ മീതേ പറക്കാന്‍ മോഹം എന്നു ചൊല്ലിയത് .

എന്തായാലും കൂപ മണ്ഡൂകം എന്ന ചൊല്ല് 'ഫ്രോഗ് ഇന്‍ എ വെല്‍'' എന്ന് ഇംഗ്‌ളീഷ് പരിഭാഷകര്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട് .

ഒരു ഇന്ത്യന്‍ തവളക്ക് ഇംഗ്‌ളീഷുകാരന്റെ അംഗീകാരം. അതു മറ്റൊന്നും കൊണ്ടാവില്ല. ചൊല്ലില്‍ തവള മണ്ടനായതു കൊണ്ടാവണം .

ഇനി ആ കഥയൊന്നു നോക്കാം .

പണ്ടൊരു തവള ഒരു കിണറ്റില്‍ പെട്ടു. നന്നേ കുഞ്ഞായിരിക്കുമ്പോഴാകണം. അങ്ങിനെ ഈ തവള കിണറ്റില്‍ കിടന്ന് കിണറാണ് പ്രപഞ്ചം എന്നു ചിന്തിച്ചു പോയി. അങ്ങിനെയിരിക്കേ ഒരിക്കല്‍ ഒരു കടല്‍ പാറ്റ എങ്ങിനെയോ അവിടെയെത്തി .

കഥയില്‍ ചോദ്യമില്ല എന്ന് ഒരു ചൊല്ലുള്ളതിനാല്‍ കടല്‍പ്പാറ്റയെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല.

കടല്‍ പാറ്റ തവളയോട് കടലിനെക്കുറിച്ച് പറഞ്ഞു...

കിണറിനേക്കാള്‍ വലിയൊരു സംഭവമോ...? അങ്ങിനെ വരാന്‍ വഴിയില്ല .

കിണറാണ് പ്രപഞ്ചമെന്നു കരുതിയിരുന്ന തവള അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. തര്‍ക്കം മൂത്ത് അത് തന്റെ ജീവനെടുക്കുമെന്ന് വന്നപ്പോള്‍ പാറ്റ ഒരു വിധം പറന്നു രക്ഷപെട്ടു. അങ്ങിനെ നമ്മുടെ നിരക്ഷര കുക്ഷിയായ തവള ഒരു അഹങ്കാരിയും, മൂഠനുമായി .

ഓരോ സ്ഥലത്തും ഈ കഥയില്‍ ചില മാറ്റങ്ങളുണ്ട്. എല്ലായിടത്തും തവള മണ്ടനും അല്‍പനുമൊക്കെ തന്നെ. അങ്ങിനെ ഈ കഥ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് തവളയെ വീണ്ടും വീണ്ടും അപമാനിച്ചു കൊണ്ടിരിക്കുന്നു .

ഇനി തവള മണ്ടനായതു കൊണ്ടാണ് തവളച്ചൊല്ലിനെ ഇംഗ്‌ളീഷുകാരന്‍ അംഗീകരിച്ചതെന്ന സങ്കുചിത ചിന്താഗതി ഒന്നു മാറ്റി വക്കാം. അമേരിക്കന്‍ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാന മന്ത്രിയും ആവര്‍ത്തിച്ച് ഇന്ത്യയെയും ഇന്ത്യാക്കാരേയും പുകഴ്ത്തുന്നു എന്നതും ഇന്ത്യ ലോകത്തിന്റെ വെളിച്ചമാണെന്ന അമേരിക്കയുടെ പ്രസ്താവനയും അതിനൊരു ന്യായീകരണവുമാക്കാം .

ഒരു കിണറ്റിലെ തവളയാകരുത് എന്ന മനോഹരമായ ഗുണപാഠം കഥയില്‍ ഉണ്ടായിരുന്നതു കൊണ്ടാവണം കഥ എല്ലാ ഭാഷകളിലും തന്നെ പ്രചരിച്ചത്.

അങ്ങിനെ തവള ഒരു ലോകമണ്ടനായി...

പക്ഷേ, തവളക്കും കാണില്ലേ  ഒരു ന്യായീകരണം...? കഥ നമുക്കൊന്നു വിലയിരുത്താം...

ഒരിക്കല്‍ ഒരു മഴക്കാലത്ത് കിണറ്റില്‍ മുട്ടയിട്ടു. കിണറിന്റെ മുകളറ്റം വരെ വെള്ളമുള്ള സമയമായിരുന്നിരിക്കും. കിണറിനു ചുറ്റുമതിലും ഉണ്ടായിരുന്നില്ല. അങ്ങിനെ എങ്ങിനെയോ എവിടെ നിന്നോ വന്നു പെട്ട ഒരു തവള കിണര്‍ വെള്ളത്തില്‍ മുട്ടയിട്ടു .

പൃകൃതി നിയമമനുസരിച്ച് മുട്ടയിട്ട ശേഷം അതു വിരിയിക്കാനുള്ള ദൗത്യം പൃകൃതിയെ ഏല്‍പ്പിച്ച് തവള സ്ഥലം വിട്ടു .

കടം കഥയില്‍ പറഞ്ഞ പോലെ ' മുട്ട വിരിഞ്ഞ കാലം മീന്‍ പെറ്റ പോലെ ' എന്ന പരുവത്തില്‍ തവളക്കുഞ്ഞിന്റെ ആദ്യരൂപം പുറത്തു വന്നു. പിന്നെ അത് വളര്‍ന്നു തവളയായി.

ദൗര്‍ഭാഗ്യയമെന്നു പറയട്ടെ ഒരു തവള മാത്രമേ ശേഷിച്ചുള്ളൂ. ചിലതു മുട്ടയില്‍ വച്ചും മറ്റു ചിലതു ലാര്‍വയായിരിക്കുമ്പോഴും ചത്തു പോയി. ഈ തവളയാണു നമ്മുടെ കഥയിലെ പാവം തവള .

കാലം കഴിഞ്ഞു. കിണറ്റില്‍ കിട്ടുന്ന തീറ്റയും കഴിച്ചു കഴിഞ്ഞിരുന്ന തവള ഒരു ദിവസം മുകളിലേക്ക് നോക്കി .

അങ്ങ് അകലെ ആകാശം... അല്ല എന്തോ ഒരു മേലാപ്പ്... ആ എന്തോ ആകട്ടെ .

അങ്ങിനെ വെറുതേയിരുന്നു മുഷിയുമ്പോള്‍ തവള മുകളിലേക്ക് നോക്കും. അവിടെ എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്ന് തവളക്ക് മനസിലായി. ഇടക്ക് ചില ശബ്ദ കോലാഹലങ്ങള്‍ കേള്‍ക്കാം. മേലാപ്പിനാണെങ്കില്‍ എല്ലായ്‌പ്പോഴും ഒരേ നിറമല്ല. ചിലപ്പോള്‍ അവിടെ ഒരു വെള്ളി ഗോളം പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ ചില ചെറിയ വെള്ളക്കുമിളകള്‍ മിന്നുന്നു .

തവളയ്ക്ക് അങ്ങ് മുകളിലെത്താന്‍ ആഗ്രഹം തോന്നി .

ചാടി നോക്കി...നടക്കുന്നില്ല....

പല പ്രാവശ്യം ശ്രമിച്ച് തവള നിരാശനായി... തവള മനസില്‍ പറഞ്ഞു... നടക്കില്ല...

പക്ഷേ തവളയ്ക്കു മനസുറക്കുന്നില്ലായിരുന്നു... എങ്ങിനേയും മുകളിലെത്തണം. തവള തീറ്റയും വെള്ളവും വരെ മറന്നു. അതൊരു തമാശയായി തോന്നാം. കാരണംഅതൊരു ജലമീന്‍ ന്യായമല്ലേ...?

ജലമീന്‍ ന്യായം എന്നൊരു വാക്ക് ഭാഷയില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ ഇതെനിക്കു പറഞ്ഞു തന്നയാള്‍ ഇതിന്റെ അര്‍ത്ഥവും പറഞ്ഞു തന്നിരുന്നു എന്നതു കൊണ്ട് ഞാനതു വിവരിക്കാം .

അദ്ദേഹം ഒരു ഡോക്ടറാണ്. ഒരിക്കല്‍ ഉദരസംബന്ധമായ ചില രോഗങ്ങളുമായി ഒരു ഹോട്ടല്‍ ഉടമ അദ്ദേഹത്തെ കാണാന്‍ ചെന്നു. സമയത്തിനു ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല എന്നയാള്‍ പരാതിപ്പെട്ടപ്പോഴാണ് ഡോക്ടര്‍ 'ജലമീന്‍ ന്യായം' എന്ന പ്രയോഗം പരിചയപ്പെടുത്തിയത് ...

അതായത് വെള്ളത്തില്‍ കിടക്കുന്ന മീനിന് വെള്ളം കുടിക്കാന്‍ പറ്റുന്നില്ല എന്നതിലെ ന്യായമല്ലേ അനിയാ ഇത്...? എന്ന് അദ്ദേഹം ചോദിച്ചു. അപ്പോള്‍ ജലമീന്‍ ന്യായം എന്താണെന്ന് മനസിലായിരുക്കുമല്ലോ.

നമ്മുടെ തവള വെള്ളത്തിലാണ് ഇപ്പോഴും... തവളയുടെ കണ്ണാണെങ്കില്‍ ആകാശത്തും

ഒരു ദിവസം ആകാശത്തു നിന്ന് ഒരു ജലവര്‍ഷം. തുലാവര്‍ഷമായിരുന്നിരിക്കും. തവള നോക്കുമ്പോള്‍ വെള്ളം വീണ് കുറേ കഴിഞ്ഞപ്പോള്‍ മേലാപ്പ് ഇത്തിരി അടുത്തെത്തിയോ...? പിന്നെയാണ് ആശാന് കാര്യം മനസിലായത്. മേലാപ്പല്ല അടുത്തെത്തിയത്. താന്‍ മുകളിലെത്തിയതാണ്.

അതു കൊള്ളാമല്ലോ... കിണറിലെ വെള്ളം അല്‍പം കൂടിയിരിക്കുന്നു. അപ്പോള്‍ ഇങ്ങിനെ കുറേ വെള്ളം വന്നാല്‍ തനിക്ക് പുറത്തെത്താം. അങ്ങിനെ തവള ആ ദിവസത്തിനായി കാത്തിരുന്നു.

ഞാനൊരു ദുരന്ത കഥ പറയാന്‍ ഉദ്ദേശിക്കുന്നില്ല. വലിയൊരു മഴക്കു മുന്‍പ് ഒരു വരള്‍ച്ചയില്‍ തവള ചത്തെന്നോ, കിണര്‍ ഇടിഞ്ഞു വീണെന്നോ ഒന്നും പറഞ്ഞ് തവളക്കഥ ഉപസംഗ്രഹിക്കുന്നില്ല .

കാലവര്‍ഷം വന്നു... ജലനിരപ്പുയര്‍ന്നു... തവള പുറത്തെത്തി... ഒരു രാത്രിയായിരുന്നിട്ടും മേലാപ്പ് ഒരുപാട് മേലെയാണെന്ന് തവള അറിഞ്ഞു. പക്ഷേ അകലെ നിന്ന് ഒരുപാട് കൂട്ടുകാര്‍ വിളിക്കുന്നു. തവള ചാടി... അവന്റെ ലോകത്തേക്ക്... സ്വാതന്ത്ര്യത്തിലേക്ക്...

ഇങ്ങിനെ ഒരു കഥ പറഞ്ഞത്, മുന്‍ഗാമികളെ വെല്ലുവിളിക്കാനല്ല... കാലം മാറിയിരിക്കുന്നു... കഥയും മാറണമല്ലോ...

പക്ഷേ ഒന്നു സമ്മതിക്കാതെ വയ്യ... പഴയ തവളക്കഥക്ക് ഇന്നാണ് കൂടുതല്‍ പ്രസക്തി .

തവള മാറി... എത്ര തവളകള്‍ പാമ്പിനെ പിടിച്ചു... എന്നിട്ടും തവള മണ്ടന്‍ തന്നെ... -

കാരണക്കാര്‍ കഥ പറയുന്നവര്‍ തന്നെ. അവരില്‍ ചിലരിപ്പോഴും കിണറില്‍ തന്നെയാണ്. അവരുടെ തെറ്റിന് ഇന്നും പഴി കേള്‍ക്കുന്നത് തവള തന്നെ.

തവളക്ക് അവകാശങ്ങളില്ലല്ലോ. ഉണ്ടെങ്കില്‍ തന്നെ പിന്നാക്ക സംവരണമെന്നോ, സംരക്ഷിതാനുകൂല്യമെന്നോ പറഞ്ഞ് അവകാശം ഉന്നയിക്കാനും ആരുമില്ല .

അനിമല്‍ ആക്ടിവിസ്റ്റുകള്‍ ആരെങ്കിലും... ?

തവള ഒരു അപൂര്‍വ ജീവിയോ, ദേശീയ മൃഗമോ ആകുന്നതു വരെ അവരും കാത്തിരിക്കും .

ഇനി നുണ പാഠം പറയാം .

ഒന്നാമത്തെ കഥയില്‍ തവള തന്റെ ലോകത്തിനപ്പുറം ഒരു ലോകമില്ലെന്നു കരുതുന്നു... അതു തെറ്റ് .

രണ്ടാമത്തെ കഥയില്‍ തന്റെ ലോകത്തിനപ്പുറം ഒരു ലോകമുണ്ടെന്ന് കരുതുന്നത് കൊണ്ട് തവള അവിടം കീഴടക്കാന്‍ ആഗ്രഹിക്കുന്നു... അതിലുമുണ്ട് തെറ്റ്.

കിണറില്‍ നിന്നു കരകയറിയ തവള താന്‍ സ്വപ്നം കണ്ടിരുന്ന ആകാശം അകന്നു പോയതു കണ്ടു. യഥാര്‍ത്ഥ ലക്ഷ്യം നാം കീഴടക്കുന്നതിനും വിജയിക്കുന്നതിനും അപ്പുറത്തായിരിക്കും പലപ്പോഴും. പക്ഷേ അവന്‍ അതെല്ലാം മറന്ന് തന്റെ വംശത്തിലേക്ക്, അവരുടെ സമൂഹത്തിലേക്ക് പോയി.

തവള പിന്നേയും തെറ്റുകാരനോ...?

അതെ എന്നു പറയാന്‍ ധൈര്യം പോരാ. കാരണം നമ്മുടെ തെറ്റുകള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനാണു നമുക്കിഷ്ടമെന്ന് ആരോ വിമര്‍ശിച്ചതോര്‍ക്കുന്നു .