വെംബ്ലിയിൽ നിന്ന് കാർഡിഫിലേക്ക്; ദി വീക്കൻഡിന്റെ സംഗീതവിരുന്നിന് വഴിമാറി കമ്മ്യൂണിറ്റി ഷീൽഡ്

 
Sports

ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോളിലെ പരമ്പരാഗത വേദിയായ വെംബ്ലിയിൽ നിന്ന് 2026ലെ കമ്മ്യൂണിറ്റി ഷീൽഡ് കാർഡിഫിലേക്ക് മാറ്റി. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ആഴ്സണലും എഫ്.എ. കപ്പ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടുന്ന മത്സരം ഓഗസ്റ്റ് 16ന് കാർഡിഫിലെ പ്രിൻസിപ്പാലിറ്റി സ്റ്റേഡിയത്തിലാണ് നടക്കുക.

വെംബ്ലി സ്റ്റേഡിയത്തിൽ മുൻകൂട്ടി നിശ്ചയിച്ച സംഗീത പരിപാടികൾ നടക്കുന്നതിനാലാണ് കമ്മ്യൂണിറ്റി ഷീൽഡിന്റെ വേദി മാറ്റേണ്ടിവന്നത്. കനേഡിയൻ പോപ് താരം ദി വീക്കൻഡിന്റെ ‘After Hours Til Dawn’ ടൂറിന്റെ ഭാഗമായി ആഗസ്റ്റ് 14 മുതൽ 19 വരെ വെംബ്ലിയിൽ പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ ആഗസ്റ്റ് 16ലെ പരിപാടിയും ഉൾപ്പെടുന്നതിനാൽ മത്സരത്തിന് വെംബ്ലി ലഭ്യമല്ലാതായി.

2026-27 പ്രീമിയർ ലീഗ് സീസൺ ഓഗസ്റ്റ് 22ന് ആരംഭിക്കുന്നതിനാൽ അതിന് ഒരാഴ്ച മുമ്പാണ് കമ്മ്യൂണിറ്റി ഷീൽഡ് നടത്തുന്നത്. ഈ സമയക്രമവും വെംബ്ലിയിലെ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളും തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ കാർഡിഫിലെ പ്രിൻസിപ്പാലിറ്റി സ്റ്റേഡിയം തിരഞ്ഞെടുക്കുന്നത്.

ഇംഗ്ലണ്ടിന് പുറത്തേക്ക് കമ്മ്യൂണിറ്റി ഷീൽഡ് എത്തുന്നത് 20 വർഷത്തിന് ശേഷമാണ്. 2001 മുതൽ 2006 വരെ വെംബ്ലിയുടെ പുനർനിർമാണ കാലത്ത് കാർഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടന്നിരുന്നു. ഇത്തവണത്തെ മത്സരത്തോടെ ആ ചരിത്രവേദിയിലേക്ക് കമ്മ്യൂണിറ്റി ഷീൽഡ് വീണ്ടും തിരിച്ചെത്തുകയാണ്.

ഓഗസ്റ്റ് 16ന് വൈകിട്ട് 3 മണിക്കാണ് മത്സരം. പുതിയ പരിശീലകൻ എൻസോ മാരെസ്കയ്ക്ക് കീഴിൽ മാഞ്ചസ്റ്റർ സിറ്റിയും മിക്കൽ അർട്ടേറ്റയുടെ ആഴ്സണലും പുതിയ സീസണിലെ ആദ്യ കിരീടത്തിനായി ഏറ്റുമുട്ടും.