ഡോക്ലാം, ഗാൽവാൻ സംഘർഷങ്ങൾക്ക് നേതൃത്വം നൽകിയ ജനറൽ സാവോ സോങ്‌കിയെ ചൈനീസ് ഉന്നത ഉപദേശക സമിതിയിൽ നിന്ന് നീക്കി
ഇന്ത്യയുമായുള്ള ഡോക്ലാം, ഗാൽവാൻ സംഘർഷങ്ങളുടെ സമയത്ത് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (PLA) വെസ്റ്റേൺ തിയറ്റർ കമാൻഡിന് നേതൃത്വം നൽകിയ ജനറൽ സാവോ സോങ്‌കിയെ ചൈന രാജ്യത്തെ ഉന്നത രാഷ്ട്രീയ ഉപദേശക സമിതിയിൽ നിന്ന് നീക്കി.
ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ (CPPCC) അംഗത്വമാണ് സാവോയ്ക്ക് നഷ്ടമായത്. സമിതിയുടെ സ്റ്റാൻഡിങ് കമ്മിറ്റിയിലെ അംഗത്വത്തിനൊപ്പം വംശീയ-മതകാര്യ സമിതിയുടെ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനവും അദ്ദേഹത്തിൽ നിന്ന് നീക്കി. തീരുമാനത്തിന് പിന്നിലെ കാരണം ചൈനീസ് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
2016 മുതൽ 2020 വരെ വെസ്റ്റേൺ തിയറ്റർ കമാൻഡിന്റെ മേധാവിയായിരുന്ന സാവോയുടെ നേതൃത്വത്തിലായിരുന്നു 2017ലെ ഡോക്ലാം തർക്കവും 2020ലെ കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷവും. 2020 ജൂണിലെ ഗാൽവാൻ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ സൈന്യത്തിലെ അഴിമതിക്കെതിരായ നടപടികൾ ശക്തമാകുന്നതിനിടെയാണ് സാവോയെ ഉന്നത സ്ഥാനങ്ങളിൽ നിന്ന് നീക്കിയത്. അടുത്തിടെ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷനിൽ നിന്ന് നീക്കിയിരുന്നു.