ഗാസയിൽ ‘വംശഹത്യ’ തുടരുന്നു; ഇസ്രായേൽ നേതൃത്വത്തിനെതിരെ നേരിട്ടുള്ള നടപടി വേണമെന്ന് യു.എൻ അന്വേഷണം

 
World

ജെനീവ: ഗാസയിൽ ഫലസ്തീൻ കുട്ടികളെ ലക്ഷ്യമിട്ട് ആക്രമണം തുടരുന്നതിലൂടെ ഇസ്രായേൽ വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ എന്നിവ നടത്തുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ നേതൃത്വത്തിനെതിരെ അന്താരാഷ്ട്ര സമൂഹം നേരിട്ടുള്ള നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. 

2023 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിൽ ഗാസയിൽ കൊല്ലപ്പെട്ടവരിൽ ഏകദേശം 30 ശതമാനവും കുട്ടികളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ മനഃപൂർവം ലക്ഷ്യമിട്ട് ആക്രമിക്കുകയും ജനസാന്ദ്ര പ്രദേശങ്ങളിൽ അതിശക്തമായ ആയുധങ്ങൾ ഉപയോഗിക്കുകയും ചെയ്തതായി അന്വേഷണ കമ്മീഷൻ കണ്ടെത്തി. ഇത് വംശഹത്യാ ഉദ്ദേശ്യം തെളിയിക്കുന്ന പ്രധാന ഘടകമാണെന്നും റിപ്പോർട്ട് പറയുന്നു. 

യു.എൻ സ്വതന്ത്ര അന്വേഷണ കമ്മീഷൻ ചെയർമാൻ ശ്രീനിവാസൻ മുരളിധർന്റെ നേതൃത്വത്തിലുള്ള സംഘം, വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും ഫലസ്തീൻ കുട്ടികൾ കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി രേഖപ്പെടുത്തി. ഗാസയിലെ ആരോഗ്യ, വിദ്യാഭ്യാസ സംവിധാനങ്ങളുടെ തകർച്ചയും കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിച്ച പ്രത്യാഘാതങ്ങളും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. 

അതേസമയം, റിപ്പോർട്ട് പൂർണമായും തള്ളിക്കളഞ്ഞ ഇസ്രായേൽ സർക്കാർ, അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ “അടിസ്ഥാനരഹിതവും പക്ഷപാതപരവുമാണ്” എന്ന് പ്രതികരിച്ചു. ഹമാസ് സാധാരണക്കാരെ മനുഷ്യക്കവചമായി ഉപയോഗിക്കുന്നുവെന്ന നിലപാടും ഇസ്രായേൽ ആവർത്തിച്ചു. 

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര കോടതികളിലും മനുഷ്യാവകാശ വേദികളിലും ഇസ്രായേലിനെതിരായ സമ്മർദ്ദം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഗാസയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വിവിധ അന്താരാഷ്ട്ര നിയമവേദികളിൽ പരിഗണനയിലുണ്ട്.