ആഗോള ഓഹരിവിപണികളിൽ വീണ്ടും ഇടിവ്; ബ്രെന്റ് ക്രൂഡ് വില 110 ഡോളർ കടന്നു

 
crude oil

ടോക്കിയോ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഉയർന്ന എണ്ണവിലയും നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചതോടെ ആഗോള ഓഹരിവിപണികളിൽ ഇടിവ്. ചൊവ്വാഴ്ച യൂറോപ്യൻ വിപണികളിലും ഏഷ്യൻ വിപണികളിലും പ്രധാന സൂചികകൾ താഴ്ന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ഓഹരികൾക്ക് അമേരിക്കൻ വിപണിയിൽ നേരിയ തിരിച്ചുവരവുണ്ടായെങ്കിലും മറ്റു മേഖലകളിൽ അനിശ്ചിതത്വം തുടരുകയാണ്.

ജപ്പാനിലെ നിക്കെയ് സൂചിക 1.3 ശതമാനവും ദക്ഷിണകൊറിയയിലെ കോസ്പി സൂചിക 3.7 ശതമാനവും ഇടിഞ്ഞു. ഹോങ്കോങ്ങിലെ ഹാങ് സെങ് സൂചികയും താഴ്ന്നു. യൂറോപ്പിൽ ഫ്രാൻസിന്റെ സി.എ.സി 40 സൂചിക 0.4 ശതമാനവും ജർമനിയുടെ ഡാക്സ് 0.7 ശതമാനവും ബ്രിട്ടന്റെ എഫ്.ടി.എസ്.ഇ 100 സൂചിക 0.6 ശതമാനവും കുറഞ്ഞു.

അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിലെത്തി. അമേരിക്കൻ ക്രൂഡ് വിലയും ഉയർന്നു. ഇറാനുമായുള്ള യുദ്ധം ഊർജവിതരണത്തെ എത്രത്തോളം ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതാണ് എണ്ണവില ഉയർന്നുനിൽക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

പ്രമുഖ കമ്പനികളുടെ വരാനിരിക്കുന്ന സാമ്പത്തിക ഫലങ്ങൾക്കായും നിക്ഷേപകർ കാത്തിരിക്കുകയാണ്. എ.ഐ മേഖലയിലെ നിക്ഷേപങ്ങളുടെ ലാഭക്ഷമത, ആഗോള സാമ്പത്തിക വളർച്ച, പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ ദൈർഘ്യം എന്നിവ വരും ദിവസങ്ങളിൽ വിപണികളുടെ ഗതിയെ സ്വാധീനിച്ചേക്കും.