ബെൽജിയത്തിൽ കോടികളുടെ സ്വർണനിധി കണ്ടെത്തി; നിർമാണ തൊഴിലാളികൾക്ക് മുന്നിൽ തുറന്നത് രഹസ്യ നിലവറ
ബ്രസ്സൽസ്: ബെൽജിയത്തിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ ഏകദേശം 9 മില്യൺ യൂറോ (ഏകദേശം 90 കോടി രൂപ) വിലമതിക്കുന്ന സ്വർണനിധി കണ്ടെത്തി. 40-ലധികം സ്വർണ ബാറുകളും 4,000-ത്തിലേറെ പഴയ സ്വർണ നാണയങ്ങളുമാണ് കെട്ടിടത്തിന്റെ നിലവറയിലെ മതിലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
ഈസ്റ്റ് ഫ്ലാൻഡേഴ്സിലെ സിന്റ്-ഗില്ലിസ്-ഡെൻഡർമോണ്ടിലാണ് അപ്രതീക്ഷിത കണ്ടെത്തൽ. മുൻകാലത്ത് ബ്രൂവറി ഉടമയുടെ വസതിയായിരുന്ന കെട്ടിടം നവീകരിക്കുന്നതിനിടെയായിരുന്നു സംഭവം. മലിനജല പൈപ്പ് സ്ഥാപിക്കുന്നതിനായി തൊഴിലാളികൾ അടിത്തറയിൽ ജോലിചെയ്യുന്നതിനിടെയാണ് മതിലിനുള്ളിൽ ഒളിപ്പിച്ച നിധി ശ്രദ്ധയിൽപ്പെട്ടത്.
ആദ്യം നാണയങ്ങൾ കണ്ടപ്പോൾ അവ സാധാരണ യൂറോ നാണയങ്ങളാണെന്നാണ് 18കാരനായ തൊഴിലാളി കോബെ കരുതിയത്. എന്നാൽ കൂടുതൽ കുഴിച്ചപ്പോൾ സ്വർണ നാണയങ്ങളും സ്വർണ കട്ടികളും കണ്ടെത്തുകയായിരുന്നു. പരിശോധിച്ചപ്പോൾ വലിയ തോതിലുള്ള സ്വർണനിധിയാണെന്ന് വ്യക്തമായി.
നിധി സൂക്ഷിച്ചിരുന്നത് നിലവറയുടെ മതിലിനുള്ളിൽ ഇഷ്ടികകൊണ്ട് മറച്ചുവെച്ച ഒരു പെട്ടിയിലായിരുന്നു. സ്വർണത്തിന്റെ ഉത്ഭവവും ആരുടേതാണെന്നതും ഇതുവരെ വ്യക്തമായിട്ടില്ല. സ്വർണം മോഷണവുമായി ബന്ധപ്പെട്ടതാണോ മറ്റേതെങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമാണോ എന്നതടക്കം ഈസ്റ്റ് ഫ്ലാൻഡേഴ്സ് പ്രോസിക്യൂട്ടർ ഓഫീസ് അന്വേഷിക്കുന്നുണ്ട്.
കണ്ടെത്തിയ സ്വർണം അധികൃതർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. നിധിയുടെ യഥാർഥ ഉടമയെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും തുടരുകയാണ്. കെട്ടിടവുമായി ബന്ധപ്പെട്ട മുൻ ഉടമകളുടെ കുടുംബത്തിനും മറ്റ് അവകാശികൾക്കും അവകാശവാദം ഉന്നയിക്കാനാകുമോ എന്നും പരിശോധിക്കും.
നിധി നിയമപരമായി ആരുടേതാണെന്ന് തീരുമാനിക്കുന്നതുവരെ തൊഴിലാളികൾക്കും കെട്ടിടത്തിന്റെ ഉടമസ്ഥരായ സ്ഥാപനത്തിനും സ്വർണത്തിൽ അവകാശമുണ്ടാകില്ല. നിയമപരമായ അവകാശി കണ്ടെത്താനാകാത്ത പക്ഷം മാത്രമേ തുടർ ഉടമസ്ഥാവകാശ നടപടികൾ ഉണ്ടാകൂ.
ഇതിനിടെ, സ്വർണനിധി തേടി നിർമാണ സ്ഥലത്തേക്ക് ആളുകൾ എത്തുന്നത് ഒഴിവാക്കണമെന്ന് ഡെൻഡർമോണ്ടെ പൊലീസ് മുന്നറിയിപ്പ് നൽകി. സ്ഥലം ഇപ്പോഴും നിർമാണ മേഖലയായതിനാൽ അപകടകരമായ കുഴികളുണ്ടെന്നും കണ്ടെത്തിയ സ്വർണം മുഴുവൻ അധികൃതർ സുരക്ഷിതമായി മാറ്റിയെന്നും പൊലീസ് അറിയിച്ചു.
സാധാരണ നിർമാണ ജോലിക്കിടെ കോടികളുടെ സ്വർണനിധി കണ്ടെത്തിയെങ്കിലും, അതിന്റെ യഥാർഥ ഉടമ ആരെന്ന ചോദ്യമാണ് ഇപ്പോൾ ബെൽജിയൻ അധികൃതർക്ക് മുന്നിലുള്ളത്. വർഷങ്ങളായി മതിലിനുള്ളിൽ മറഞ്ഞുകിടന്ന ഈ നിധിയുടെ ചരിത്രം കണ്ടെത്താനുള്ള അന്വേഷണവും കൗതുകത്തോടെ തുടരുകയാണ്.