ദുബായിൽ മലയാളികൾ ഉൾപ്പെടെ 1400 പ്രവാസികൾക്ക് ഗോൾഡൻ വിസ; സമ്മാനം ഒരു നന്ദി സൂചകമാണ്: യുഎഇ


ദുബായ്: ദുബായ് ഹെൽത്തിലെ മലയാളികൾ ഉൾപ്പെടെ 1,400-ലധികം നഴ്‌സുമാർക്ക് യുഎഇ ഗോൾഡൻ വിസ അനുവദിച്ചു. 15 വർഷത്തിൽ കൂടുതൽ സേവനമുള്ള നഴ്‌സുമാർക്ക് വിസ നൽകും. അവരുടെ കഠിനാധ്വാനത്തിനും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നന്ദി സൂചകമായാണ് ഗോൾഡൻ വിസ നൽകുന്നത്.
ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് നഴ്‌സുമാർക്ക് ഗോൾഡൻ വിസ നൽകുന്നത്.
‘ഇത് ഒരു സ്വപ്നം പോലെ തോന്നുന്നു’ എന്ന് 1998-ൽ ദുബായിൽ എത്തിയ ഫിലിപ്പീൻസിൽ നിന്നുള്ള നഴ്‌സ് കാർമിന അഗ്വിലാർ പറയുന്നു. ലത്തീഫ ആശുപത്രിയിലെ സീനിയർ സ്റ്റാഫ് നഴ്‌സാണ് അവർ. കഴിഞ്ഞ 27 വർഷമായി എൻഐസിയുവിൽ നവജാത ശിശുക്കളെ പരിചരിച്ചുവരുന്നു. ഫിലിപ്പീൻസ് വിട്ട് ദുബായിൽ എത്തിയപ്പോൾ താൻ നേരിട്ട പ്രാരംഭ ബുദ്ധിമുട്ടുകൾ അവർ ഓർമ്മിച്ചു. ഇപ്പോൾ ലഭിച്ച ഗോൾഡൻ വിസ തന്റെ 27 വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് കാർമിന പറഞ്ഞു.
ലത്തീഫ ആശുപത്രിയിൽ രണ്ട് പതിറ്റാണ്ടിലേറെയായി സേവനമനുഷ്ഠിക്കുന്ന നഴ്‌സ് നാൻസി അഗസ്റ്റിനും ഗോൾഡൻ വിസ ലഭിച്ചു. അഭിമാനകരമായ നിമിഷമാണിതെന്ന് നാൻസി പ്രതികരിച്ചു. ഏറ്റവും സംതൃപ്തി നൽകുന്ന നിമിഷമാണിത്. 25 വർഷത്തെ സേവനത്തിന് യുഎഇയിൽ നിന്നുള്ള സമ്മാനമാണിത്.
ഈ സമയത്ത് അഭിമാനത്തിന്റെ നിരവധി നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രസവസമയത്ത് സ്ത്രീകളെ സഹായിക്കുമ്പോഴും പുതിയ നഴ്‌സുമാർക്ക് അറിവ് നൽകുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികൾ സുഖം പ്രാപിക്കുന്നത് കാണുമ്പോഴെല്ലാം താൻ അഭിമാനം തോന്നിയിട്ടുണ്ടെന്ന് നാൻസി പറഞ്ഞു.