നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിലെത്തി; നാളെ രാവിലെ 10.30നാണ് സത്യപ്രതിജ്ഞ
തിരുവനന്തപുരം: നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ സ്പീക്കർ എ എൻ ഷംസീറും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജംദാർ നാളെ രാവിലെ 10.30ന് രാജ്ഭവനിൽ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഹൈക്കോടതി ജഡ്ജിമാരും ഉൾപ്പെടെ 400 പേരെ പൊതുഭരണ വകുപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചടങ്ങുകൾക്ക് ശേഷം ചായ സത്ക്കാരവും ഉണ്ടായിരിക്കും.
ഇന്ന് രാവിലെ ഗോവ രാജ്ഭവനിൽ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുമായി രാജേന്ദ്ര അർലേക്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ദീർഘകാലം ആർഎസ്എസിൽ സേവനമനുഷ്ഠിച്ച രാജേന്ദ്ര അർലേക്കർ 1989ലാണ് ബിജെപിയിൽ ചേർന്നത്. ഗോവയിൽ സ്പീക്കറായും മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. രാജേന്ദ്ര അർലേക്കർ സ്പീക്കറായിരുന്ന കാലത്ത് ഗോവ രാജ്യത്തെ ആദ്യത്തെ കടലാസ് രഹിത നിയമസഭയായി.