ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ സർക്കാർ
തിരുവനന്തപുരം: കേരളത്തെ രാജ്യാന്തര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനുമായി പുതിയ പദ്ധതികളുമായി സർക്കാർ. 'വേൾഡ് ടു കേരള ക്യാമ്പസസ്' എന്ന പേരിൽ വിഭാവനം ചെയ്യുന്ന പദ്ധതിയിലൂടെ വിദേശരാജ്യങ്ങളിൽനിന്നും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾക്ക് കേരളത്തിലെ സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനാവസരം ഒരുക്കുകയാണ് ലക്ഷ്യം. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബിരുദാനന്തര ബിരുദ പഠനത്തിനാണ് പ്രധാനമായും അവസരം നൽകുക. വിദേശരാജ്യങ്ങളിൽനിന്ന് പത്ത് വിദ്യാർഥികളെയും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് രണ്ട് വീതം വിദ്യാർഥികളെയും തിരഞ്ഞെടുക്കാനാണ് ആലോചന. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പഠനഫീസ് പൂർണമായും ഒഴിവാക്കുന്നതിനൊപ്പം താമസത്തിനും പഠനച്ചെലവുകൾക്കുമായി സർക്കാർ സാമ്പത്തിക സഹായവും നൽകും. ഫെലോഷിപ്പ് തുക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ വിശദാംശങ്ങൾ അന്തിമമാക്കിവരികയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും വിദ്യാർഥികളെ കണ്ടെത്തുക.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്രതലത്തിൽ പരിചയപ്പെടുത്തുന്നതിനും വിദേശ വിദ്യാർഥികളെ ആകർഷിക്കുന്നതിനുമായി അക്കാദമിക് സഹകരണവും ശക്തിപ്പെടുത്തും. വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കേരളീയരായ മുതിർന്ന അക്കാദമിക് വിദഗ്ധരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. അക്കാദമിക് അംബാസഡർമാരെ നിയോഗിച്ച് കേരളത്തിലെ സർവകലാശാലകളുടെയും കോളേജുകളുടെയും പഠനസൗകര്യങ്ങൾ വിദേശരാജ്യങ്ങളിൽ പ്രചരിപ്പിക്കാനും പദ്ധതിയുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായും വിദ്യാഭ്യാസ വിനിമയ പദ്ധതികൾക്കായി ചർച്ചകൾ നടത്തും.
വിദ്യാഭ്യാസത്തോടൊപ്പം വിനോദസഞ്ചാരത്തിനും സാംസ്കാരിക പരിചയത്തിനും പ്രാധാന്യം നൽകുന്ന പദ്ധതികളാണ് സർക്കാർ പരിഗണിക്കുന്നത്. വിദേശ വിദ്യാർഥികൾക്ക് കേരളത്തിന്റെ കല, സംസ്കാരം, പാരമ്പര്യം, പ്രകൃതിസൗന്ദര്യം, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന പഠനപരിപാടികൾ ഇതിന്റെ ഭാഗമാകും. 'സെമസ്റ്റർ ഇൻ കേരള' പോലുള്ള പദ്ധതികൾ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ വിദേശ സർവകലാശാലകളിലെ വിദ്യാർഥികൾക്ക് കേരളത്തിൽ ഒരു സെമസ്റ്റർ പഠിക്കാനും അക്കാദമിക് ക്രെഡിറ്റുകൾ നേടാനും അവസരമൊരുക്കും. ഇതിലൂടെ വിദ്യാഭ്യാസ വിനോദസഞ്ചാരത്തിനും സാധ്യതകൾ വർധിപ്പിക്കാനാണ് ലക്ഷ്യം.
കേരളത്തിൽനിന്ന് വിദേശരാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ഉന്നതപഠനത്തിനായി വിദ്യാർഥികൾ പോകുന്ന പ്രവണത കുറയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയുടെ അന്താരാഷ്ട്ര നിലവാരം ഉയർത്തുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ സാന്നിധ്യം ക്യാമ്പസുകളിലെ അക്കാദമിക് അന്തരീക്ഷം കൂടുതൽ വൈവിധ്യപൂർണമാക്കുമെന്നും പഠന-ഗവേഷണ നിലവാരം മെച്ചപ്പെടുത്തുമെന്നും സർക്കാർ വിലയിരുത്തുന്നു. കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഭൂപടത്തിൽ ശ്രദ്ധേയമായ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ദീർഘകാല ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.