മോണരോഗവും അസ്ഥി വീക്കവും

 
Mona
Mona

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ദന്ത രോഗം മോണ രോഗ(പെരിയോ ഡോണ്ടല്‍ ഡിസീസാണെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 25 നുമേല്‍ പ്രായമുളള മിക്ക ആളുകള്‍ക്കും ഈ രോഗമുണ്ട് പല്ല് അകാലത്തില്‍ കൊഴിഞ്ഞ് പോകുന്നതിനുളള മുഖ്യകാരണവും ഇതുതന്നെ. കുട്ടികളിലും ഈ രോഗം വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഗുരുതരമായ മോണവീക്കവും മോണപഴുപ്പും ചികിത്സിക്കാതെ വച്ചാല്‍ ഹൃദയം, പാന്‍ക്രിയാസ് അടങ്ങിയ ആന്തരാവയവങ്ങളേയും അസ്ഥിയേയും പ്രതികൂലമായി ബാധിക്കും.

കാരണങ്ങള്‍

മോണവീക്കത്തിന് പലതരം കാരണങ്ങള്‍ ഉണ്ടെങ്കിലും വായ് വൃത്തിയാക്കുന്നതില്‍ കാണിക്കുന്ന അവഗണനയാണ് പ്രധാന കാരണം. പല്ലിന്റെ കഴുത്തില്‍ അവശേഷിക്കുന്ന ഭക്ഷണ ശകലങ്ങളും ബാക്ടീരിങ്ങളും, ഉമിനീരിലെ ലവണങ്ങളും ചേര്‍ന്ന് കാല്‍ക്കുലസ് എന്ന നിക്ഷേപത്തിന് രൂപം നല്‍കുന്നു. മോണവീക്കം ആദ്യ ഘട്ടത്തില്‍ തന്നെ നിയന്ത്രിച്ചില്ലെങ്കില്‍ അത് സാവധാനം വ്യാപകമാവുകയും പല്ലിനെ എല്ലിനോടുറപ്പിച്ചിരിക്കുന്ന പെരിയോ ഡോണ്ടല്‍ ലിഗമെന്റിനെയും ക്രമേണ അസ്ഥിയേയും ബാധിക്കും. മോണ വീക്കം ഉണ്ടായാല്‍ മോണകള്‍ ചുവന്ന് തുടുക്കുകയും മൃദുലമാവുകയും ചെയ്യുന്നു. വായനാറ്റവും ബ്രഷ് ചെയ്യുമ്പോള്‍ മോണയില്‍ നിന്ന് രക്തസ്രാവവും ഉണ്ടാകും. കുട്ടികളില്‍ കണ്ടുവരുന്ന ചിലതരം മോണപഴുപ്പ് പല്ലിന് ചുറ്റുമുളള അസ്ഥിയെ വളരെ പെട്ടെന്ന് നശിപ്പിക്കുകയും ചിലപ്പോള്‍ രോഗിയറിയാതെ തന്നെ പല്ലിനെ ഇളക്കിക്കളയുകയും ചെയ്യും.

മോണരോഗത്തിന്റെ പ്രധാനകാരണം ബാക്ടീരിയ ആണെങ്കിലും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മോണരോഗത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നു .

അസ്ഥിരോഗവും മോണരോഗവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. അസ്ഥിയിലെ ധാതുക്കള്‍ പ്രായം ചെല്ലുന്തോറും പ്രത്യേകിച്ച് സ്ത്രീകളില്‍ കുറയാന്‍ ഇട വരികയും തത്ഫലമായി അസ്ഥിയുടെ ബലം കുറഞ്ഞ് ക്ഷയവും സംഭവിക്കുന്നു.

ഇത് കാരണം ഇടയ്ക്കിടെ അസ്ഥി ഒടിയാനും വേദന വിട്ടുമാറാതെ തുടരാനും കാരണമാകുന്നു. കശേരുക്കള്‍, നട്ടെല്ല്, ഇടുപ്പ്, കൈയുടെ കുഴ എന്നിവിടങ്ങളിലാണ് ഇത് പ്രധാനമായും കണ്ടു പോരുന്നത്.

മോണരോഗത്തിന്റെ പ്രധാനകാരണം ബാക്ടീരിയ ആണെങ്കിലും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മോണരോഗത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നു.

പല്ലിനെ ഉറപ്പിച്ചു നിര്‍ത്തുന്ന എല്ലായ ആല്‍വിയോളാര്‍ ബോണിന്റെ തേയ്മാനം മോണരോഗത്തിന്റെ പ്രധാനലഷണമാണ്. അസ്ഥിവീക്കം ഉള്ള സ്ത്രീകളില്‍ ആകട്ടെ ഈ പ്രക്രീയ വേഗത്തില്‍ സംഭവിക്കുകയും ചെയ്യുന്നു.

അസ്ഥിവീക്കം ഉള്ള സ്ത്രീകളില്‍ എല്ലിലെ ധാതുക്കളുടെ അളവും ഒപ്പം സാന്ദ്രതയും കുറവായിരിക്കും. ഇത് പുരുഷന്‍മാരെ അപേക്ഷിച്ച് രണ്ടു മുതല്‍ മൂന്ന് ഇരട്ടി വേഗത്തില്‍ സ്ത്രീകളില്‍ നടക്കുന്നു. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതാണ് കാരണം.

പ്രൈമറിയും സെക്കന്‍ഡറിയും
അസ്ഥിവീക്കത്തെ രണ്ടായി തരം തിരിച്ചിരിക്കുന്നു. പ്രൈമറി എന്നും സെക്കന്‍ഡറി എന്നും. ആര്‍ത്തവ വിരാമം, നാല്‍പ്പത്തഞ്ചില്‍ ഏറെ പ്രായം, യാതൊരു കാരണവും പറയാന്‍ കഴിയാത്ത അസ്ഥിവീക്കവും പ്രൈമറി ഗണത്തില്‍പ്പെടുന്നു.

മറ്റു ആരോഗ്യപ്രശ്നങ്ങള്‍ അല്ലെങ്കില്‍ ധാതുക്കളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന മരുന്നുകളുടെ ഉപയോഗം കാരണം ഉണ്ടാകുന്ന അസ്ഥിവീക്കത്തെ സെക്കന്‍ഡറി എന്നും വിളിക്കുന്നു.

പ്രമേഹം, സന്ധിവാതം, രക്തവാതം, പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ അതി പ്രവര്‍ത്തനം, അഡ്രിനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവ്, രക്താര്‍ബുദം, ലിംഫോമാ തുടങ്ങിയവ ഈ പറഞ്ഞ സെക്കന്‍ഡറി അസ്ഥി വീക്കത്തിന്റെ കാരണങ്ങളില്‍ ചിലതാണ്.

ലോകാരോഗ്യസംഘടന അസ്ഥിയുടെ ധാതു സാന്ദ്രതയെ നാലായി തിരിച്ചിരിക്കുന്നു. ആരോഗ്യമുള്ള സാധാരണ എല്ലുകള്‍, ക്ഷയിച്ചു തുടങ്ങിയ എല്ലുകള്‍, ഓസ്റ്റിയോ പീനിയ, ഓസ്റ്റിയോ പോറോസിസ് എന്നിവയാണവ.

നാലു കാരണങ്ങള്‍
മോണരോഗവും അസ്ഥിവീക്കവും തമ്മിലുള്ള ബന്ധത്തിന് നാല് പ്രധാന കാരണങ്ങള്‍ പഠനത്തിലൂടെ തെളിഞ്ഞിട്ടുണ്ട്.
1. അസ്ഥി വീക്കം കാരണം ശരീരത്തില്‍ മൊത്തത്തിലുള്ള ധാതുവിന്റെ അളവ് കുറവായിരിക്കും. അതിന്റെ ഫലമായി വായിലുള്ള അസ്ഥിക്കും തേയ്മാനം സംഭവിക്കുകയും മോണരോഗത്തിന് കാരണമായി തീരുകയും ചെയ്യുന്നു.

2. എല്ലില്‍ സംഭവിക്കുന്ന റീമോഡലിംഗ് പ്രക്രിയ കാരണം ഉണ്ടാകുന്ന ചില പ്രത്യേകതരം സൈറ്റോകൈന്‍ തന്മാത്രകള്‍ അസ്ഥിയുടെ തേയ്മാനത്തിന് കാരണമാകുന്നു. ഇത് മോണരോഗത്തെ ത്വരിതപ്പെടുത്തുന്നു.

3. ജനിതക ഘടകങ്ങള്‍ കാരണം ഉണ്ടാകുന്ന അതിവേഗത്തിലുള്ള അസ്ഥിക്ഷയം മോണയിലും പ്രതിഫലിക്കുന്നു.
4. മറ്റ് ഘടകങ്ങളായ ഭക്ഷണത്തലുള്ള കാത്സ്യത്തിന്റെ അഭാവം, പുകവലി തുടങ്ങിയ ഘടകങ്ങള്‍ ധാതുക്ഷയത്തിന് കാരണമായി മോണരോഗവും അസ്ഥിവീക്കവും ഉണ്ടാക്കുന്നു.

സ്ത്രീകള്‍ അറിയേണ്ടത്
1. നാല്‍പത് വയസുകഴിഞ്ഞാല്‍ മോണരോഗ വിദഗ്ധനെ സന്ദര്‍ശിക്കുക. കുറഞ്ഞത് മൂന്ന് മുതല്‍ ആറു മാസത്തിലൊരിക്കല്‍.
2. മോണരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ ചെറുക്കുന്നതിനായി ദന്തശുചിത്വം നന്നായി ഉറപ്പു വരുത്തുക. രണ്ടു നേരം ബ്രഷ് ചെയ്യുക, ഫേ്ളാസ് ചെയ്യുക.

3. മോണരോഗത്തിന്റെ ലക്ഷണങ്ങളായ മോണയിലെ ചുവപ്പു നിറം, മോണയില്‍ നിന്നുള്ള രക്തസ്രാവം എന്നിവയെ അവഗണിക്കാതിരിക്കുക. ഇത് കണ്ടയുടന്‍ ചികിത്സ നേടേണ്ടതാണ്.

4. ആഹാരത്തില്‍ കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍, പാല്‍, പാല്‍ക്കട്ടി, യോഗര്‍ട്ട്, ഇലക്കറികള്‍, കടല്‍മത്സ്യങ്ങള്‍ സോയാബീന്‍, ചീര, ബ്ര?ക്കോളി, ഈന്തപ്പഴം, ഓറഞ്ച്, അത്തി, കിവി തുടങ്ങിയവ കഴിക്കാന്‍ ശ്രദ്ധിക്കുക.

5. പുകവലി, കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക.
6. എല്ലുകളില്‍ വേദനയോ ശരീരത്തിന് ക്ഷീണമോ അനുഭവപ്പെട്ടാല്‍ ഡോക്ടറെ സമീപിക്കുക.
7. ആറുമാസത്തില്‍ ഒരിക്കല്‍ ബോണ്‍ മിനറല്‍ ഡെന്‍സിറ്റി പരിശോധിക്കുന്നത് നന്നായിരിക്കും.
8. ശരിയായ വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക. നീന്തല്‍ നടത്താം, സൈക്ലിംഗ്തുടങ്ങിയവ നല്ലതാണ്.
9. സമീകൃതാഹാരം കഴിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.
10. നന്നായി വെയില്‍ അല്ലെങ്കില്‍ സൂര്യപ്രകാശം കൊള്ളുന്നത് അസ്ഥിയെ ശക്തിപ്പെടുത്തുന്ന വിറ്റാമിന്‍ ഡി കൂടുതല്‍ ഉണ്ടാകാന്‍ സഹായിക്കും.

ഈ കാര്യങ്ങളിലൂടെ സ്ത്രീകള്‍ക്ക് സന്തോഷകരമായ ആര്‍ത്തവവിരാമകാലം ആസ്വദിക്കാം.

ചികിത്സ
1. ഭക്ഷണത്തിലുള്ള കാത്സ്യത്തിന്റെ അഭാവം പരിഹരിക്കുക
2. പതിവായുള്ള വ്യായാമം
3. ഹോര്‍മോണ്‍ വീണ്ടും നല്‍കിക്കൊണ്ടുള്ള ഹോര്‍മോണ്‍ റീപ്ലെയ്സ്‌മെന്റ് തെറാപ്പി
4. ഈസ്ട്രജന്‍ റിസപ്റ്റര്‍ മോഡുലേറ്ററുകളും ധാതുക്ഷയത്തിന് എതിരെയുള്ള ബിസ് ഫോസ്ഫോണേറ്റുകളും വളരെ ഫലപ്രദമായി അസ്ഥിക്ഷയത്തിന് എതിരെ പ്രവര്‍ത്തിക്കുന്നു.

മോണരോഗം പകരാം

മോണരോഗം ഉമിനീരിലൂടെ വേറൊരാളിലേക്ക് പകരാം. അതിനാല്‍ മോണ രോഗമുളളവര്‍ കുഞ്ഞിനെ ഉമ്മവെയ്ക്കുന്നതിലൂടെ കുഞ്ഞിന് മോണരോഗം പകരാനുളള സാധ്യത തളളിക്കളയാനാവില്ല. കുടുംബത്തില്‍ ഒരാള്‍ക്ക് മോണ രോഗമുണ്ടെങ്കില്‍ എല്ലാ അംഗങ്ങളും പരിശോധന നടത്തുന്നത് നന്ന്.

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

നേരത്തെയുളള രോഗ നിര്‍ണ്ണയം ഫലവത്തായ ചികിത്സിക്ക് അത്യാവശ്യമാണല്ലോ. കുട്ടികളിലെ ദന്തരോഗങ്ങള്‍ കണ്ടില്ലെന്ന് നടിക്കാതെ കൃത്യസമയത്ത് തന്നെ ചികിത്സിച്ചു മാറ്റേണ്ടത് ശരീരത്തിന്റെ മൊത്തമായ ആരോഗ്യത്തിന് ആവശ്യമാണ്. ഒരു കാര്യം മനസ്സിലാക്കുക. നിങ്ങളുടെ കുട്ടികള്‍ക്ക് ഒന്നില്‍ കൂടുതല്‍ പല്ലുകള്‍ക്ക് ഇടക്കിടെ പഴുപ്പുവരികയും, ഇളക്കം കാണുകയുമാണെങ്കില്‍ അത് മറ്റ് അസുഖങ്ങളുടെ ലക്ഷണങ്ങളുമാകാം. രക്താര്‍ബുദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുടെ ആദ്യ ലക്ഷണങ്ങളാവാനും സാധ്യതയുണ്ടെന്നോര്‍ക്കുക. ദന്തരോഗങ്ങളെ അവഗണിക്കരുതെന്ന് ചുരുക്കം.

സോഡയും ശീതളപാനീയങ്ങളും പല്ലിന് ഭീഷണി

t
സോഡയും എനര്‍ജി പാനീയങ്ങളും കുടിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ സൂക്ഷിക്കുക, നിങ്ങളുടെ പല്ലുകള്‍ കേടുവരുത്താന്‍ ശക്തിയുള്ള ആസിഡ് അംശങ്ങള്‍ ഇതിലുണ്ട്. ഓസ്ട്രേലിയയിലെ ഓറല്‍ ഹെല്‍ത്ത് കോഓപ്പറേറ്റീവ് റിസര്‍ച്ച് സെന്റര്‍ പ്രൊഫസര്‍ എറിക് റെയ്നോള്‍ഡ്സ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

സോഡ, എനര്‍ജി പാനീയം എന്നിവ അടക്കം 23 ഉല്‍പ്പന്നങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. പഞ്ചസാരയുടെ അളവ് കുറഞ്ഞ പാനീയങ്ങളില്‍ സിട്രിക് ആസിഡ് കൂടുതല്‍ അടങ്ങിയതായും കണ്ടെത്തി.

ആസിഡ് ഇനാമലിനെയും പല്ലിന്റെ കോശങ്ങളെയും നശിപ്പിക്കുന്നതായി പ്രൊഫ: എറിക് റെയ്നോള്‍ഡ്സ് പറയുന്നു. ആദ്യഘട്ടത്തില്‍ ആസിഡ് പല്ലിന്റെ പുറമേയുള്ള ഇനാമല്‍ കവചത്തെ ക്ഷയിപ്പിക്കുന്നു. തുടര്‍ച്ചയായുള്ള ഉപയോഗം പല്ലിന്റെ ഇടയില്‍ ദശ വളരാന്‍ കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു.

പഞ്ചസാരയുള്ളതും ഇല്ലാത്തതുമായ ശീതളപാനീയങ്ങളുടെയും രുചികരമായ മിനറല്‍ വാട്ടറുകളുടെയും ഉപയോഗം പല്ലിന്റെ അപചയത്തിന് കാരണമാകും.

എട്ട് എനര്‍ജി പാനീയങ്ങള്‍ പരിശോധിച്ചതില്‍ ആറെണ്ണവും പല്ലിന്റെ ഇനാമലിനെ കേടുവരുത്തുന്നതായി തെളിഞ്ഞു. പഞ്ചസാരയുടെ അളവ് കുറഞ്ഞ മിഠായികളില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പല്ലിന്റെ ഇനാമല്‍ കേടുവരുത്തുന്നതായി പ്രൊഫ: എറിക് റെയ്നോള്‍ഡ് പറയുന്നു. പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളും അവയുടെ അളവും പരിശോധിച്ചശേഷം ഉപയോഗിക്കുന്നതാകും ഉചിതം.

 

  • ശീതളപാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക
  • സിട്രിക്, പോസ്പോറിക് ആസിഡ് അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക.
  • ഇവ കുടിച്ചാല്‍ വെള്ളം ഉപയോഗിച്ച് വായ നന്നായി കഴുകുക.
  • ഒരു മണിക്കൂറിനു ശേഷം ബ്രഷ് ചെയ്യുക.

പല്ല് വൃത്തിയാക്കിയില്ലെങ്കില്‍ ഹൃദയത്തെ ബാധിക്കും
വായിലുണ്ടാകുന്ന അണുബാധ പെട്ടെന്ന് പ്രതികൂലമായി ബാധിക്കുക ഹൃദയത്തെയായിരിക്കുംപല്ലും ഹൃദയവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നല്ലവണ്ണം പല്ല് വൃത്തിയാക്കിയില്ലെങ്കില്‍ പ്രശ്നം ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്.

ദന്തസംരക്ഷണം ഉറപ്പാക്കിയില്ലെങ്കില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടുമെന്നാണ് പഠനം. വായിലുണ്ടാകുന്ന അണുബാധ പെട്ടെന്ന് പ്രതികൂലമായി ബാധിക്കുക ഹൃദയത്തെയായിരിക്കുമെന്നും ഫോര്‍സിത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറയുന്നു. ഹാര്‍വാഡ് സ്‌കൂള്‍ ഓഫ് ഡെന്റല്‍ മെഡിസിനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫോര്‍സിത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്.

ദന്തങ്ങള്‍ വൃത്തിയായി സൂക്ഷിച്ച് അണുബാധ ഒഴിവാക്കിയാല്‍ ഭാവിയിലെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനാകുമെന്ന് ഫോര്‍സിത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എഴുത്തുകാരനും ഗവേഷകനുമായ തോമസ് വാന്‍ ഡിക് പറഞ്ഞു. വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ നടത്തിയ പഠനത്തിന്റെയും വിലയിരുത്തലിന്റെയും വെളിച്ചത്തിലാണ് ഗവേഷകര്‍ വായിലുണ്ടാകുന്ന അണുബാധ ഹൃദയത്തെയും ബാധിക്കുമെന്ന നിഗമനത്തിലെത്തിയത്. ഇത്തരം അസുഖങ്ങളുമായെത്തിയ മുതിര്‍ന്നവരെയും യുവാക്കളെയും നിരീക്ഷിച്ചായിരുന്നു പഠനം.

ദന്താരോഗ്യം

നാഡികളും ധമനികളും സിരകളും അടങ്ങുന്ന സജീവമായ ശരീരഭാഗമാണ് ഓരോ പല്ലും. ജീവനുളള ഒരു ഏകകം എന്ന നിലയില്‍ അവയ്ക്ക് തികഞ്ഞ... നാഡികളും ധമനികളും സിരകളും അടങ്ങുന്ന സജീവമായ ശരീരഭാഗമാണ് ഓരോ പല്ലും. ജീവനുളള ഒരു ഏകകം എന്ന നിലയില്‍ അവയ്ക്ക് തികഞ്ഞ ശ്രദ്ധയും നേരിട്ടുളള പരിചരണവും അത്യന്താപേക്ഷിതമാണ്. പല്ലുകള്‍ക്ക് രോഗം പിടിപെടുകയോ അവയില്‍ ഒന്ന് ഇല്ലാതാകുകയോ ചെയ്താല്‍ ശരീരത്തിന്റെ സമീകൃതമായ പ്രവര്‍ത്തനത്തിന്റെ താളം തെറ്റുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെയും അത് ബാധിക്കുന്നു.

ശിശുദന്തങ്ങള്‍

കുട്ടികളുടെ പല്ലുകള്‍ അഥവാ ശിശുദന്തങ്ങള്‍ കൊഴിഞ്ഞു പോകേണ്ടതാണല്ലോ, അവയ്ക്ക് കേട് വന്നാല്‍ ചികിത്സിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന തികച്ചും തെറ്റായ ധാരണ അഭ്യസ്തവിദ്യര്‍ക്കിടയില്‍ പോലുമുണ്ട്. ശിശു ദന്തങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നതാണ് സത്യം. ഇങ്ങനെ പറയുവാന്‍ കാരണങ്ങള്‍ ഏറെയുണ്ട്.

1) സ്ഥിര ദന്തങ്ങള്‍ ശരിയായ സ്ഥാനത്ത് വളര്‍ന്ന് പുറത്ത് വരുന്നതിന് വഴികാട്ടുന്നത് അടിസ്ഥാന ദന്തങ്ങളാണ്. പ്രായമെത്തും മുമ്പ് ശിശു ദന്ത ങ്ങള്‍ ഇളകിപോയാല്‍ സ്ഥിര ദന്തങ്ങളുടെ സ്ഥാനം തെറ്റും. ഇത് പല്ലുകളുടെ ക്രമം തെറ്റിയുളള വളര്‍ച്ചയ്ക്ക് കാരണമാകുന്നു.

2) ആഹാരം ചവയ്ക്കുന്നതിന് മുതിര്‍ന്ന ആളുകളെ പോലെ തന്നെ ശിശുവിനും ആരോഗ്യമുളള ഉറച്ച പല്ലുകള്‍ വേണം. ദ്രവിച്ചതോ രോഗബാധിതമോ ആയ പല്ലുകള്‍ ശരീരത്തിന്റെ പൊതുവായ പ്രവര്‍ത്തനത്തെയും ദഹനത്തേയും ബാധിച്ച് കുട്ടിയുടെ വളര്‍ച്ച തടയുന്നതിനു കാരണമാകുന്നു. കുട്ടിയുടെ ഒരു പല്ല് പോയാല്‍ പോലും ചവയ്ക്കുന്നതിനു വിഷമമാകുകയും ദഹന വ്യൂഹത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാവുകയും ചെയ്യും.

3) താടിയെല്ലുകളുടെ ക്രമാനുസൃതവും ആനുപാതികവുമായ വളര്‍ച്ചയ്ക്കും മുഖത്തിന്റെ മൊത്തത്തിലുളള ആകൃതിയും വലുപ്പവും രൂപപ്പെടുന്നതിനും ആരോഗ്യമുളള ദന്ത നിരകളുടെ സാന്നിദ്ധ്യം കൂടിയേ തീരു. സ്ഫുടതയോടെയുളള സംസാരശേഷി വളര്‍ത്തിയെടുക്കാനും മുഖത്തിന്റെ സ്വതസിദ്ധമായ ആകൃതിയും ഭംഗിയും പാകപ്പെടുന്നതിലും കുട്ടികളില്‍ ആരോഗ്യമുളള ദന്തങ്ങള്‍ക്ക് വളരെയേറെ പങ്കുണ്ട്. എന്തിനധികം ബുദ്ധി വികാസത്തിലും കുഞ്ഞിന്റെ സ്വഭാവ രൂപീകരണത്തില്‍ പോലും പല്ലുകള്‍ക്ക് അവഗണിക്കാനാവാത്ത പങ്കുണ്ട്.
കുട്ടിക്ക് ആറേഴു വയസ്സാകുമ്പോഴാണ് ആദ്യത്തെ അണപ്പല്ലുകള്‍ ഉണ്ടാകുന്നത് (പുറത്തുവരുന്നത്). ഈ കാലഘട്ടം പ്രധാനമാണ്. ഇവയ്ക്ക് ദന്തക്ഷയം വരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധവേണം.

ദന്തരോഗങ്ങള്‍ ജീവനു ഭീഷണിയല്ല. (അപൂര്‍വ്വമായി അങ്ങിനെയായെന്നും വരും) എന്നാലും വേദനയുടെ രൂക്ഷതയും ദന്തരോഗം മൂലമുണ്ടാവാനിടയുളള മറ്റു ശാരീരിക പ്രശ്നങ്ങളും പഠിത്തത്തിലും മറ്റ് ദൈനംദിന കാര്യങ്ങളിലും കുട്ടികളെ വിമുഖരാക്കുന്നു എന്ന കാരണം കൊണ്ട് തന്നെ ഇതൊരു പൊതു ജനാരോഗ്യപ്രശ്നമായി മാറുന്നുണ്ട്.

പല്ലുദ്രവിക്കല്‍

ദന്തശീര്‍ഷത്തില്‍ അണുക്കള്‍ കടന്ന് പല്ലുകള്‍ ദ്രവിക്കുകയും നശിക്കുകയും ചെയ്യുന്ന രോഗമാണ് ദന്തക്ഷയം അഥവാ ഡെന്റല്‍ കേരീസ്. പരിഷ്‌കാരത്തിന്റെ സംഭാവനയാണ് ദന്തക്ഷയം എന്നുവേണമെങ്കില്‍ പറയാം. അടുത്തകാലത്തായി ആധുനീകരണവും, നാഗരിക വളര്‍ച്ചയും കാരണം കുട്ടികളില്‍ ദന്തക്ഷയം കുതിച്ചുയരുന്നതായി കണ്ട്വരുന്നു. 1947 ല്‍ 30-40ശതമാനം കുട്ടികളില്‍ മാത്രമേ ദന്തക്ഷയത്തിന്റെ ലക്ഷണങ്ങള്‍ കണ്ടിരുന്നുള്ളൂ. അത് ഏതാണ്ട് 90ശതമാനത്തിലേറെയായി വളര്‍ന്നു എന്നാണ് ഇന്നത്തെ സ്ഥിതി വിവര കണക്കുകള്‍ കാണിക്കുന്നത്.

മിഠായികള്‍, ടോഫി, കീക്ക്, ബിസ്‌ക്കറ്റ് മുതലായവ തിന്നാല്‍, അവയുടെ അംശങ്ങള്‍ പല്ലുകള്‍ക്കിടയില്‍ തങ്ങിയിരിക്കും. വായിലെ ബാക്ടീരിയകളുമായി പ്രതി പ്രവര്‍ത്തിച്ച് ഇവ അങ്ങളായി മാറുന്നു. ഈ അംങ്ങള്‍ പല്ലുകളിലെ ഇനാമലിനെ ആക്രമിച്ച് അതിനെ അലിയിക്കുന്നു. ഡെന്റിന്‍ പുറത്തു വരുന്നു.

ചികിത്സിക്കാതെ വിട്ടാല്‍ ഇതു പല്ലിന്റെ മജ്ജയുടെ നാശത്തിനും കാരണമാകുന്നു. ആഹാരം കഴിച്ച് കഴിഞ്ഞാല്‍ പല്ലുകളിലും, മോണകളിലും രൂപപ്പെടുന്ന ഡെന്റല്‍ പ്ലാക് എന്ന നേര്‍ത്ത ആവരണത്തിലുളള ചില സൂക്ഷ്മാണുക്കള്‍ പല്ലില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന മധുര വസ്തുക്കള്‍ക്കുമേല്‍ പ്രതിപ്രവര്‍ത്തിച്ചാണ് ദന്തക്ഷയം ഉണ്ടാകുന്നത്. ജനിതകപരമായ പല ഘടകങ്ങളും ദന്തക്ഷയത്തിന്റെ പ്രക്രിയയെ സ്വാധീനിക്കുന്നുണ്ട്.

കുട്ടികളില്‍ പല്ലിന്റെ പുറത്തെ ആവരണമായ ഇനാമലും ഡെന്റിനും താരതമ്യേന കട്ടികുറഞ്ഞതാകയാല്‍ ദന്തക്ഷയം (പല്ലിലെ പോട്) വളരെപ്പെട്ടന്നു വളര്‍ന്നു പല്ലിനെ നശിപ്പിക്കുന്നു.
ദന്തക്ഷയം തുടങ്ങിയാലുടനെ തന്നെ ചികിത്സ തുടങ്ങണം. പോടുകള്‍ വൃത്തിയാക്കി അനുയോജ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അടയ്ക്കുകയാണ് ശാസ്ത്രീയമായ ചികിത്സാരീതി. ഇതിനായി പല്ലിന്റെ അതേ നിറവും ഉറപ്പുമുളള കോമ്പസിറ്റ്, ഗ്ലാസ് അയണോമര്‍ പോലുളള ആധുനിക വസ്തുക്കള്‍ ഇന്നു ലഭ്യമാണ്.

ഡെന്റല്‍ കേരീസ് അഥവാ ദന്തക്ഷയം തുടക്കത്തില്‍ തന്നെ മനസ്സിലാക്കി ചികിത്സിക്കാതിരുന്നാല്‍, കേട് പല്ലിന്റെ പള്‍പ്പിനെ ബാധിക്കുകയും അസഹനീയമായ വേദനയുണ്ടാകുകയും ചെയ്യും. ഈയവസരത്തിലും പള്‍പോട്ടമി, ആര്‍.സി.ടി. തുടങ്ങിയ ചികിത്സയിലൂടെ പല്ലിനെ സംരക്ഷിക്കാന്‍ പറ്റും പക്ഷേ ഇങ്ങനെ രക്ഷപ്പെടുത്തുന്ന പല്ലുകള്‍ പൊതുവെ ഉറപ്പു കുറയുന്നത് കാരണം ഒരു ക്യാപ്പിട്ടു സംരക്ഷിക്കണം. കുട്ടിയുടെയും രക്ഷിതാക്കളുടെയും പൂര്‍ണ്ണ സഹകരണം ഇവിടെ ആവശ്യമാണ്.

പ്രതിരോധ നടപടികള്‍

വായയുടെയും പല്ലുകളുടെയും നല്ല ശുചിത്വം ഉറപ്പുവരുത്തുക: ഫ്ളൂറൈഡ് കലര്‍ന്ന ടൂത്തേ്പസ്റ്റ് (ഡെന്റിഫ്രൈസസ്) ഉപയോഗിച്ച് അനുയോജ്യമായ ബ്രഷ് കൊണ്ട് ഭക്ഷണം കഴിഞ്ഞ ഉടനെ ചുരുങ്ങിയത് ദിവസം രണ്ടു തവണയെങ്കിലും ബ്രഷു ചെയ്താല്‍ ദന്തക്ഷയം ഗണ്യമായ ികുറക്കാമെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു.

ഫ്ളൂരിഡേറ്റഡ് ടൂത്തുപേസ്റ്റുകള്‍ കുട്ടികളില്‍ ദന്തക്ഷയം 20 ശതമാനം വരെ കുറക്കുന്നു എന്ന് പഠനങ്ങള്‍ കാണിക്കുന്നു. മൂന്ന്, ഏഴ്, പത്ത്, പതിമൂന്ന് വയസ്സ് പ്രായമാകുമ്പോള്‍ കുട്ടികളുടെ പല്ലുകളില്‍ രണ്ടാഴ്ച്ചക്കാലം ആഴ്ച്ചയില്‍ രണ്ട് തവണ വീധം ഫ്ളൂറൈഡ് ലായനികള്‍ പ്രയോഗിച്ചാല്‍ ഏതാണ്ട് 40 ശതമാനം വരെ ദന്തക്ഷയം കുറക്കാന്‍ പറ്റും. പല്ലില്‍ ഫ്ളൂറൈഡ് ലായനി പ്രയോഗിക്കുന്ന രീതി പാശ്ചാത്യരാജ്യങ്ങളില്‍ എന്നപോലെ ഇന്ത്യയിലും പ്രചാരം ലഭിച്ചുവരികയാണ്.

ടോപ്പിക്കല്‍ പ്രയോഗം കൂടാതെ, കുട്ടികള്‍ ഉറങ്ങുന്നതിന് മുമ്പ് വായില്‍ അലിയിച്ചു കഴിക്കുന്ന ഗുളിക രൂപത്തിലും ഫ്ളൂറൈഡ് ഉപയോഗിക്കാം. ഫ്ളൂറൈഡ് അടങ്ങിയ ജെല്‍ പ്രത്യേകം തയ്യാറാക്കിയ ട്രേയിലാക്കി വായില്‍ കടത്തി നിശ്ചിത സമയത്തേക്ക് വെക്കുന്ന രീതിയും പ്രാബല്യത്തിലുണ്ട്. മേല്‍ പറഞ്ഞ എല്ലാ ഫ്ളൂറൈഡ് ആപ്ലിക്കേഷന്‍ ചികിത്സയും ഒരു ദന്തിസ്റ്റിന്റെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം മാത്രം ചെയ്യേണ്ടതാണ്.

മധുര പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന രീതിയും സമയവും നിയന്ത്രിക്കുക. പ്രധാന ഭക്ഷണങ്ങള്‍ക്കിടയിലും രാത്രി ബ്രഷ് ചെയ്ത് കഴിഞ്ഞും ഉളള ലഘു ഭക്ഷണം ഒഴിവാക്കണം. കുഞ്ഞിനെ പാല്‍ക്കുപ്പി വഴി പാലൂട്ടുന്നതു മൂലം കുഞ്ഞിന്റെ പല്ലുകള്‍ പ്രത്യേകിച്ചു മേല്‍താടിയിലേത് പാലില്‍ മുങ്ങിയിരിക്കുന്നതിനിടവരുകയും തല്‍ഫലമായി മേല്‍താടിയിലെ മുന്‍ഭാഗത്തുളള പല്ലുകള്‍ മുഴുവന്‍ ദ്രവിക്കാനിടവരികയും ചെയ്യുന്നു. ഇതിനെ പാല്‍ക്കുപ്പിദന്തക്ഷയം എന്നു പറയും. കുപ്പിവേണ്ട, മുലയൂട്ടല്‍ മതി.

ക്രമം തെറ്റിയ പല്ലുകള്‍

ക്രമംതെറ്റിയ പല്ലുകള്‍ കാരണം മുഖത്തിന്റെ ഭംഗി കുറയ്ക്കുക മാത്രമല്ല താടിയുടെ പൊതുവെയുളള പ്രവര്‍ത്തനത്തെ ബാധിക്കുകയും മറ്റ് ദന്തരോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഇതിനാല്‍ നല്ലൊ രു ഡോക്ടറെ കണ്ട് ചെറുപ്രായത്തില്‍ തന്നെ ശരിയായ ചികിത്സ നട ത്തേണ്ടത് അത്യാവശ്യമാണ്. ആറു വയസ്സിനും 12 വയസ്സിനും ഇടയ്ക്ക് പല്ലുകളുടെ ക്രമക്കേട്് പരിശോധിക്കണം. വളര്‍ച്ചയ്ക്ക് വഴിക്കാട്ടാനും ക്രമം തെറ്റിയ പല്ലുകള്‍ നേരെയാക്കാനും ഇതാണ് ശരിയായ പ്രായം.

പല്ലുകള്‍ ക്രമം തെറ്റുന്നതിന് പലകാരണങ്ങളുണ്ട്. ജനിതകമായ കാരണങ്ങള്‍ കൂടാതെ തെറ്റായ രീതിയില്‍ ആഹാരം കഴിക്കുന്നത്, ശിശു ദന്തങ്ങള്‍ ദ്രവിച്ചതും പ്രശ്നം അവഗണിച്ചതും മൂലം ചവയ്ക്കുന്ന രീതിയില്‍ മാറ്റം വന്നത്, കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പല്ലു എടുത്ത് കളയേണ്ടി വരുന്നത് ഇതൊക്കെ ചൂണ്ടിക്കാണിക്കുന്ന ചില കാരണങ്ങളാണ്. കുട്ടികളിലെ ചില തെറ്റായ ശീലങ്ങളും വൈകല്യം രൂക്ഷമാവുന്നതിനെ സാഹായിക്കാറുണ്ട്.

വായിലൂടെയുളള ശ്വസനം, വിരല്‍ കുടിക്കുക, മുഖത്തിന് താഴെ കൈകള്‍ വച്ച് ഉറങ്ങുക എന്നിവയാണിവ. കുട്ടികളുടെ ദന്ത വിദഗ്ധരെ കാണിച്ചാല്‍ ഇത്തരം തെറ്റായ ശീലങ്ങള്‍ വളരെ ലഘുവായ ചികിത്സയിലൂടെ തടയാവുന്നതേയുളളൂ. ചെറുപ്പത്തില്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ അത് താടിയെല്ലിന്റെ ക്രമം തെറ്റിയുളള വളര്‍ച്ചയ്ക്കിടയാക്കാം. ഭാവിയില്‍ ചിലപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി പോലും അനിവാര്യമായി വന്നേക്കും.