ഡൽഹിയിൽ H1N1 കേസുകൾ വർധിക്കുന്നു; തിരക്കേറിയ ഇടങ്ങളിൽ മാസ്ക് ധരിക്കാൻ നിർദേശം
ന്യൂഡൽഹി: ഡൽഹിയിൽ H1N1 (സ്വൈൻ ഫ്ലൂ) കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം ശക്തമാക്കി. ഓഗസ്റ്റ് 27 വരെയുള്ള കണക്കുകൾ പ്രകാരം 2,729 H1N1 കേസുകളാണ് ദേശീയ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഇൻഫ്ലുവൻസ കേസുകളിൽ H1N1 ആണ് പ്രധാന വിഭാഗമെന്ന് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.
തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കാനും ആവശ്യമായ സാഹചര്യങ്ങളിൽ മാസ്ക് ധരിക്കാനും ആരോഗ്യവിദഗ്ധർ നിർദേശിച്ചു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മൂടുക, കൈകൾ ഇടയ്ക്കിടെ കഴുകുക, രോഗലക്ഷണങ്ങളുള്ളവരിൽ നിന്ന് അകലം പാലിക്കുക തുടങ്ങിയ മുൻകരുതലുകളും സ്വീകരിക്കണം.
പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നവർ സ്വയം മരുന്ന് കഴിക്കുന്നതിന് പകരം ഡോക്ടറുടെ നിർദേശം തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ശ്വാസതടസ്സം പോലുള്ള ഗുരുതര ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണമെന്നും നിർദേശമുണ്ട്.
അതേസമയം, നിലവിൽ പ്രചരിക്കുന്ന H1N1 വൈറസിൽ പുതിയതോ അസാധാരണമായി അപകടകാരിയായതോ ആയ വകഭേദം കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അനാവശ്യമായി പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.