ഹാദി വധക്കേസ്: ബംഗ്ലാദേശ് സ്വദേശികൾക്കെതിരായ എൻഐഎ അന്വേഷണത്തിന് 45 ദിവസം കൂടി; ഡൽഹി കോടതിയുടെ അനുമതി

 
World

ബംഗ്ലാദേശ് രാഷ്ട്രീയ പ്രവർത്തകൻ ഷരീഫ് ഉസ്മാൻ ബിൻ ഹാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ബംഗ്ലാദേശ് സ്വദേശികൾക്കെതിരായ അന്വേഷണം പൂർത്തിയാക്കാൻ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) ഡൽഹിയിലെ പ്രത്യേക കോടതി 45 ദിവസം കൂടി അനുവദിച്ചു. ഇതോടെ അന്വേഷണ കാലാവധി 90 ദിവസത്തിൽ നിന്ന് 135 ദിവസമായി നീട്ടി. 

മേഘാലയ അതിർത്തി വഴി അനധികൃതമായി ഇന്ത്യയിൽ കടന്നശേഷം പശ്ചിമ ബംഗാളിലെ ബംഗാവിൽ നിന്ന് പിടിയിലായ ഫൈസൽ കരീം മസൂദ് അഥവാ റാഹുൽ, ആലംഗീർ ഹൊസൈൻ, ഫിലിപ്പ് സാങ്മ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ഇവർക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് അന്വേഷണം നടക്കുന്നത്. 

പശ്ചിമ ബംഗാൾ എസ്‌ടിഎഫിൽ നിന്ന് ലഭിച്ച പുതിയ രേഖകളും സുപ്രീംകോടതി ഉത്തരവിനെ തുടർന്നുള്ള തെളിവുകളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു. ഗൂഢാലോചനയുടെ മുഴുവൻ വശങ്ങളും പുറത്തുകൊണ്ടുവരാൻ കൂടുതൽ സമയം അനിവാര്യമാണെന്നാണ് അന്വേഷണ ഏജൻസിയുടെ നിലപാട്. 

ബംഗ്ലാദേശിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഷരീഫ് ഉസ്മാൻ ബിൻ ഹാദിയുടെ കൊലപാതകക്കേസിന് രാജ്യാന്തര തലത്തിലും ശ്രദ്ധ ലഭിച്ചിരുന്നു. പ്രതികൾ കുറ്റകൃത്യം നടത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാകും എൻഐഎ കുറ്റപത്രം സമർപ്പിക്കുക.