‘ഹനുമാൻ അംശ്’ ഉത്തരാഖണ്ഡിൽ നികുതിരഹിതം; ചിത്രം കണ്ട ശേഷം പ്രഖ്യാപനവുമായി മുഖ്യമന്ത്രി ധാമി
നീം കരോളി ബാബയുടെ ജീവിതവും ആത്മീയ യാത്രയും പ്രമേയമാക്കിയ ‘ഹനുമാൻ അംശ്’ സിനിമ ഉത്തരാഖണ്ഡിൽ നികുതിരഹിതമാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രഖ്യാപിച്ചു. ഡെറാഡൂണിലെ തിയേറ്ററിൽ കുടുംബത്തിനും മന്ത്രിമാർക്കുമൊപ്പം സിനിമ കണ്ട ശേഷമാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.
നീം കരോളി ബാബയുടെ ഭക്തി, മനുഷ്യസേവനം, കരുണ, സ്നേഹം എന്നിവയാണ് സിനിമയുടെ പ്രധാന പ്രമേയം. ഉത്തരാഖണ്ഡിന്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം രാജ്യത്തിനും ലോകത്തിനും പരിചയപ്പെടുത്തുന്നതിൽ ഇത്തരം സിനിമകൾക്ക് പ്രധാന പങ്കുണ്ടെന്ന് ധാമി പറഞ്ഞു.
സിനിമയിലൂടെ ബാബയുടെ തപസ്യയും സേവനവും ഭഗവാൻ ഹനുമാനോടുള്ള അചഞ്ചലമായ ഭക്തിയും മനസ്സിലാക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ഭക്തി എന്നത് ആരാധനയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും സേവനത്തിന്റെയും സമർപ്പണത്തിന്റെയും മനുഷ്യനന്മയുടെയും പാത കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിപുലമായ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ‘ഹനുമാൻ അംശ്’. വിശാൽ ചതുർവേദി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ശോഭിനവ് സത്യ, ചന്ദൻ ആനന്ദ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.
കൈൻചി ധാം ഇന്ന് രാജ്യത്തിനകത്തും വിദേശത്തും വിശ്വാസത്തിന്റെയും ആത്മീയതയുടെയും പ്രധാന കേന്ദ്രമായി മാറിയിട്ടുണ്ടെന്നും ധാമി പറഞ്ഞു. ഉത്തരാഖണ്ഡിന്റെ ആത്മീയ പൈതൃകവുമായി അടുത്ത ബന്ധമുള്ളതിനാലാണ് സിനിമ കൂടുതൽ ആളുകളിലേക്ക് എത്തണമെന്ന ലക്ഷ്യത്തോടെ നികുതിയിളവ് നൽകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.