ഹാരി–മേഗൻ വീണ്ടും ബ്രിട്ടനിലേക്ക്; ആറുവർഷത്തിന് ശേഷം മടങ്ങിവരവിന് പിന്നിലെ കാരണമെന്ത്?
ലണ്ടൻ: ആറ് വർഷത്തിന് ശേഷം ബ്രിട്ടനിലേക്ക് തിരിച്ചെത്താൻ ഒരുങ്ങി ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും. 2020ൽ രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകളിൽ നിന്ന് പിന്മാറി അമേരിക്കയിലേക്ക് താമസം മാറ്റിയ ഇരുവരും വീണ്ടും യുകെയിൽ താമസമാക്കാനുള്ള നീക്കത്തിലാണ്.
രാജകുടുംബത്തിലെ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ഹാരിയും മേഗനും കാലിഫോർണിയയിലേക്ക് മാറിയത്. രാജകുടുംബവുമായുള്ള അഭിപ്രായവ്യത്യാസങ്ങളും മാധ്യമശ്രദ്ധയും സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അന്നത്തെ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു.
ഹാരിയും പിതാവ് ചാൾസ് രാജാവും തമ്മിലുള്ള ബന്ധം അടുത്തിടെ മെച്ചപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കുടുംബവുമായി കൂടുതൽ അടുക്കാനും മക്കളായ ആർച്ചിയെയും ലിലിബറ്റിനെയും ബ്രിട്ടനുമായി കൂടുതൽ ബന്ധിപ്പിക്കാനുമാണ് തിരിച്ചുവരവിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്.
എന്നാൽ ഹാരിയും മേഗനും രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകളിലേക്ക് തിരിച്ചെത്തില്ല. അമേരിക്കയിലെ ജീവിതവും തുടരുമെന്നും റിപ്പോർട്ടുകളുണ്ട്.