വൈകിയെത്തിയതിനാൽ പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശനം നിഷേധിച്ചു
രാജ്യത്തെ നീറ്റ്-യുജി 2026 റീ-പരീക്ഷയ്ക്കിടെ മുംബൈയിലും ബെംഗളൂരുവിലുമുള്ള ചില പരീക്ഷാ കേന്ദ്രങ്ങളിൽ വൈകിയെത്തിയ വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചു. ഇതോടെ പരീക്ഷാ കേന്ദ്രങ്ങൾക്ക് പുറത്ത് വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി.
മുംബൈയിലെ പരേലിലുള്ള മഹർഷി ദയാനന്ദ് കോളേജ് പരീക്ഷാ കേന്ദ്രത്തിൽ 1.30-നുശേഷം എത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ചില വിദ്യാർഥികളെ പ്രവേശിപ്പിക്കാതിരുന്നത്. ഒരു വിദ്യാർഥിനി 1.31-നാണ് കേന്ദ്രത്തിലെത്തിയതെന്നും, ഏതാനും മിനിറ്റ് മുമ്പ് തന്നെ ഗേറ്റ് അടച്ചിരുന്നുവെന്നുമാണ് കുടുംബാംഗങ്ങളുടെ ആരോപണം. അധികൃതരോട് അഭ്യർഥിച്ചെങ്കിലും പ്രവേശനം അനുവദിച്ചില്ല.
ബെംഗളൂരുവിലും സമാന സംഭവമുണ്ടായി. പരീക്ഷാ കേന്ദ്രത്തിലെത്താൻ വൈകിയ ചില വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചതോടെ വികാരഭരിതമായ രംഗങ്ങളാണ് പുറത്തുവന്നത്. ചിലർ കരഞ്ഞുകൊണ്ട് അധികൃതരോട് അവസരം നൽകണമെന്ന് അഭ്യർഥിച്ചെങ്കിലും നിയമങ്ങളിൽ ഇളവ് അനുവദിച്ചില്ല.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) നിർദേശപ്രകാരം ഉച്ചയ്ക്ക് 1.30-ന് ശേഷം ഒരു സാഹചര്യത്തിലും പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. പരീക്ഷ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ചെങ്കിലും സുരക്ഷാ പരിശോധനകളും ബയോമെട്രിക് പരിശോധനകളും പൂർത്തിയാക്കുന്നതിനായി വിദ്യാർഥികൾ നേരത്തേ എത്തണമെന്നായിരുന്നു നിർദേശം.
ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ നീറ്റ് റീ-പരീക്ഷ അതീവ കർശന സുരക്ഷാ സംവിധാനങ്ങളോടെയാണ് രാജ്യവ്യാപകമായി നടന്നത്. ബയോമെട്രിക് പരിശോധന, എഐ അധിഷ്ഠിത സിസിടിവി നിരീക്ഷണം, സിഗ്നൽ ജാമറുകൾ എന്നിവ ഉൾപ്പെടെയുള്ള ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒരുക്കിയത്.