യെമനിൽ വീണ്ടും രൂക്ഷ പോരാട്ടം; ഹൂതി നീക്കത്തിൽ 81 പേർ കൊല്ലപ്പെട്ടു

 
World

യെമനിൽ ഹൂതി വിമതരും സൗദി പിന്തുണയുള്ള സർക്കാർ സേനയും തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ കുറഞ്ഞത് 81 പോരാളികൾ കൊല്ലപ്പെട്ടതായി സൈനിക, മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. സെപ്റ്റംബർ 3-ന് ആരംഭിച്ച ഏറ്റുമുട്ടൽ ചെങ്കടലിന്റെ തെക്കൻ പ്രവേശനകവാടമായ തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപമാണ് കൂടുതൽ രൂക്ഷമായത്. 

ചെങ്കടൽ തീരപ്രദേശങ്ങളിലും തായിസ് മേഖലയിലുമാണ് ഹൂതികൾ കരയാക്രമണത്തിനൊപ്പം റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങളും നടത്തിയതെന്നാണ് റിപ്പോർട്ട്. തീരത്തെ സർക്കാർ സേനയിലെ 24 പേരും തായിസ് മേഖലയിലെ 15 പേരും കൊല്ലപ്പെട്ടതായി ബന്ധപ്പെട്ട സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ മെഡിക്കൽ വൃത്തങ്ങൾ 42 ഹൂതി പോരാളികൾ കൊല്ലപ്പെട്ടതായും വ്യക്തമാക്കി. 

സർക്കാർ നിയന്ത്രണത്തിലുള്ള പ്രധാന തുറമുഖ നഗരമായ മൊഖയെ മറ്റ് സർക്കാർ മേഖലകളിൽ നിന്ന് ഒറ്റപ്പെടുത്തുകയും ബാബ് അൽ-മന്ദബിന് സമീപമുള്ള പ്രദേശങ്ങളിലേക്ക് മുന്നേറുകയുമാണ് ഹൂതികളുടെ ലക്ഷ്യമെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന പ്രധാന സമുദ്രപാതയായതിനാൽ ബാബ് അൽ-മന്ദബിന്റെ നിയന്ത്രണം തന്ത്രപ്രധാനമാണ്. 

ബാബ് അൽ-മന്ദബിനെ നിരീക്ഷിക്കാൻ കഴിയുന്ന ഉയർന്ന പ്രദേശങ്ങളിൽ ഹൂതി സേന നിലയുറപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ മേഖലയിൽ കൂടി കടന്നുപോകുന്ന കപ്പൽ ഗതാഗതത്തിന് സുരക്ഷാ ആശങ്കകൾ വർധിച്ചിട്ടുണ്ട്. ഹൂതികൾക്ക് ബാബ് അൽ-മന്ദബിനോട് ചേർന്ന പ്രദേശങ്ങളുടെ പൂർണ നിയന്ത്രണം നിലവിൽ ഇല്ലെങ്കിലും, മൊഖയുടെ വടക്കുള്ള പ്രധാന തുറമുഖമായ ഹൊദൈദ അവരുടെ നിയന്ത്രണത്തിലാണ്. 

പോരാട്ടം ശക്തമായതിനെ തുടർന്ന് യെമൻ സർക്കാർ തായിസ് മേഖലയിലേക്ക് കൂടുതൽ സൈനികരെ അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു ദശാബ്ദത്തിലേറെയായി ആഭ്യന്തര സംഘർഷം തുടരുന്ന യെമനിൽ പുതിയ ഏറ്റുമുട്ടൽ ചെങ്കടൽ മേഖലയിലെ സുരക്ഷയ്ക്കും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും കൂടുതൽ വെല്ലുവിളിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.