ഫ്ലോറിഡയിൽ കനത്ത മഴയും ശക്തമായ കാറ്റും, ഒന്നിലധികം മരണങ്ങളും വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു

 
rain

ഫ്‌ളോറിഡ: മണിക്കൂറിൽ 285 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാൻ ശേഷിയുള്ള മിൽട്ടൺ ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ കനത്ത മഴയ്ക്കും കാറ്റിനും ഇടയാക്കി. കാറ്റഗറി 3 ആയി ശക്തിപ്രാപിച്ച മിൽട്ടൺ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 105 മൈൽ വേഗതയിൽ കാറ്റ് വീശുന്നു.

ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിലെ ഒരു വൃദ്ധസദനത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കനത്ത മഴയിൽ ഫ്‌ളോറിഡയിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ടാമ്പയിൽ 10 ഇഞ്ച് മഴ പെയ്തപ്പോൾ സെൻ്റ് പീറ്റേഴ്‌സ്ബർഗ് നഗരത്തിൽ 17 ഇഞ്ച് മഴ ലഭിച്ചു. ചുഴലിക്കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഏകദേശം രണ്ട് ദശലക്ഷം ആളുകൾക്ക് വൈദ്യുതിയില്ല.

കാറ്റഗറി 5ൽ പെടുന്ന കൊടുങ്കാറ്റായി മിൽട്ടൺ ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്ത് പതിക്കുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കാറ്റഗറി 5 കൊടുങ്കാറ്റുകളെ ഏറ്റവും അപകടകരമായ ചുഴലിക്കാറ്റുകളായി തരംതിരിച്ചിട്ടുണ്ട്. മുൻകരുതലിൻ്റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു. ആയിരക്കണക്കിന് ആളുകൾ വീടുകൾ ഒഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. 2005ലെ റീത്ത ചുഴലിക്കാറ്റിന് ശേഷമുള്ള ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് മിൽട്ടൺ.