ഫ്രാൻസിൽ ഹൈസ്കൂൾ വിദ്യാർഥി പ്രതിഷേധം ശക്തം
പാരിസ്: വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, അധ്യാപകരുടെ കുറവ് പരിഹരിക്കുക, തിരക്കേറിയ ക്ലാസ് മുറികൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഫ്രാൻസിൽ ഹൈസ്കൂൾ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം ശക്തമായി. വെള്ളിയാഴ്ച വിവിധ നഗരങ്ങളിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയതിനെ തുടർന്ന് 1,747 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി ലോറൻ നൂനസ് അറിയിച്ചു.
പാരിസ് മേഖലയിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. വെള്ളിയാഴ്ച മാത്രം രാജ്യത്തെ 3,700 ഹൈസ്കൂളുകളിൽ 735 എണ്ണം പ്രതിഷേധത്തിന്റെ ഏതെങ്കിലും തരത്തിലുള്ള ആഘാതം നേരിട്ടതായി വിദ്യാഭ്യാസമന്ത്രി എഡ്വാർഡ് ജെഫ്രേ അറിയിച്ചു. നിരവധി സ്കൂളുകളിൽ പ്രവേശന കവാടങ്ങൾ ഉപരോധിക്കുകയും ചിലയിടങ്ങളിൽ തീപിടിത്തങ്ങളും പൊലീസിന് നേരെ വസ്തുക്കൾ എറിയുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
വിദ്യാർഥികൾ അധ്യാപകരുടെ കുറവ്, ക്ലാസ് മുറികളിലെ അമിത തിരക്ക്, പഴകിയ കെട്ടിടങ്ങൾ, ദൈർഘ്യമേറിയ പഠനസമയം, ചൂടും വായുസഞ്ചാരക്കുറവും ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് ഉന്നയിക്കുന്നത്. പ്രതിഷേധം ആരംഭിച്ചതിന് ശേഷം ഏകദേശം 170 വിദ്യാർഥികൾക്ക് പരിക്കേറ്റതായും 65 വിദ്യാഭ്യാസ ജീവനക്കാർക്ക് പരിക്കേറ്റതായും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പൊലീസ്, ജൻഡർമറി വിഭാഗങ്ങളിലായി 300ലധികം ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പ്രതിഷേധത്തിനിടെ പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷം രൂക്ഷമായതോടെ കണ്ണീർവാതകം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. അതേസമയം, പ്രതിഷേധത്തിനിടെ പൊലീസ് അമിത ബലം പ്രയോഗിച്ചെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകളും മറ്റ് നിരീക്ഷകരും പൊലീസ് നടപടികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
വിദ്യാർഥി സംഘടനകളും അധ്യാപക യൂണിയനുകളും അടുത്ത ആഴ്ച വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ അധ്യാപകരുടെ ഒഴിവുകൾ വേഗത്തിൽ നികത്തുന്നതിനുള്ള നടപടികളും സ്കൂൾ സമയക്രമം പുനഃപരിശോധിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.