ടൊയോട്ടയുടെ ആഗോള വളർച്ചയ്ക്ക് നേതൃത്വം നൽകിയ ഹിരോഷി ഒകുദ അന്തരിച്ചു
ടൊയോട്ടയുടെ മുൻ പ്രസിഡന്റും ചെയർമാനുമായ ഹിരോഷി ഒകുദ 93-ാം വയസിൽ അന്തരിച്ചു. മരണകാരണം പുറത്തുവിട്ടിട്ടില്ല. 1995 മുതൽ 2006 വരെ ടൊയോട്ടയുടെ തലപ്പത്ത് പ്രവർത്തിച്ച ഒകുദ കമ്പനിയെ ആഗോള വാഹന നിർമാതാവായി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
ടൊയോട്ടയുടെ സ്ഥാപക കുടുംബത്തിന് പുറത്തുനിന്നുള്ള അപൂർവ നേതാവായിരുന്നു ഒകുദ. ശക്തമായ യെൻ മൂലം കയറ്റുമതി വെല്ലുവിളികൾ നേരിട്ടിരുന്ന സമയത്ത് അമേരിക്കയിലും യൂറോപ്പിലും ഉൾപ്പെടെ വിദേശ നിർമാണ കേന്ദ്രങ്ങൾ സ്ഥാപിച്ച് പ്രാദേശിക ഉൽപ്പാദനം ശക്തിപ്പെടുത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
1997ൽ പുറത്തിറങ്ങിയ പെട്രോൾ–ഇലക്ട്രിക് ഹൈബ്രിഡ് കാറായ പ്രിയസ് വികസിപ്പിക്കുന്നതിലും ഒകുദ നിർണായക പിന്തുണ നൽകി. പരിസ്ഥിതി സൗഹൃദ വാഹന സാങ്കേതികവിദ്യയിൽ ടൊയോട്ടയ്ക്ക് ആഗോള മുന്നേറ്റം നേടാൻ പ്രിയസ് സഹായിച്ചു.
ഒകുദയുടെ നേതൃത്വത്തിൽ ഒരു ദശാബ്ദത്തിനിടെ ടൊയോട്ടയുടെ ആഗോള വിൽപ്പന 67 ശതമാനം വർധിച്ചു. ടൊയോട്ടയ്ക്ക് പുറമെ ജപ്പാനിലെ പ്രമുഖ വ്യവസായ സംഘടനയായ കെഇദൻറന്റെ (Keidanren) തലവനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.