വൻ ജെല്ലിഫിഷ് കൂട്ടം പമ്പുകൾ അടച്ചുപൂട്ടിച്ചു; ഫ്രാൻസിലെ ഏറ്റവും വലിയ ആണവനിലയത്തിൽ മൂന്ന് റിയാക്ടറുകൾ നിലച്ചു

 
World

ഫ്രാൻസിലെ ഗ്രാവ്ലിൻസ് ആണവനിലയത്തിൽ വൻതോതിൽ ജെല്ലിഫിഷുകൾ എത്തിയതിനെ തുടർന്ന് മൂന്ന് ആണവ റിയാക്ടറുകൾ താൽക്കാലികമായി അടച്ചുപൂട്ടി. വടക്കൻ ഫ്രാൻസിലെ ഡങ്കർക്ക് സമീപമുള്ള ഈ നിലയം പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണ്. 

കടൽവെള്ളം ഉപയോഗിച്ച് റിയാക്ടറുകൾ തണുപ്പിക്കുന്ന സംവിധാനത്തിലെ ഫിൽട്ടറുകളും പമ്പുകളും ജെല്ലിഫിഷുകൾ കൂട്ടമായി അടഞ്ഞതാണ് shutdown-ന് കാരണം. റിയാക്ടറുകൾക്ക് ആവശ്യമായ cooling water flow തടസ്സപ്പെടാതിരിക്കാനാണ് സുരക്ഷാ നടപടിയുടെ ഭാഗമായി അവ ഓഫ് ചെയ്തത്. 

ഗ്രാവ്ലിൻസിലെ ആറ് റിയാക്ടറുകളിൽ 2, 3, 4 യൂണിറ്റുകൾ പൂർണമായി നിർത്തി. യൂണിറ്റ് 1-ന്റെ ഉൽപ്പാദനം 50 ശതമാനമായി കുറച്ചു. യൂണിറ്റ് 5 നേരത്തേ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരുന്നു; യൂണിറ്റ് 6 മാത്രമാണ് പൂർണ ശേഷിയിൽ പ്രവർത്തിച്ചിരുന്നത്. 

സംഭവത്തിൽ ആണവസുരക്ഷയ്ക്കോ ജീവനക്കാർക്കോ പരിസ്ഥിതിക്കോ അപകടമില്ലെന്ന് ഫ്രഞ്ച് വൈദ്യുതി കമ്പനിയായ EDF അറിയിച്ചു. ജെല്ലിഫിഷുകളെ നീക്കം ചെയ്യുന്നതിനായി മത്സ്യബന്ധന ബോട്ടുകളും വാക്വം ട്രക്കുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. 

ഇതാദ്യമായല്ല ജെല്ലിഫിഷ് ഗ്രാവ്ലിൻസ് നിലയത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത്. 2025ലും സമാനമായ ജെല്ലിഫിഷ് കൂട്ടം cooling-water സംവിധാനത്തിൽ തടസ്സമുണ്ടാക്കി നിലയത്തെ പൂർണമായി അടച്ചുപൂട്ടേണ്ടിവന്നിരുന്നു. 

കടൽ താപനില ഉയരുന്നതും കാലാവസ്ഥാ വ്യതിയാനവും അമിത മത്സ്യബന്ധനവും ഉൾപ്പെടെയുള്ള ഘടകങ്ങൾ ജെല്ലിഫിഷ് കൂട്ടങ്ങളുടെ വർധനയ്ക്ക് കാരണമാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, ഫ്രാൻസിലെ ആണവവൈദ്യുതി ഉൽപ്പാദനം ഇതിനകം തന്നെ കടുത്ത ചൂടും വരൾച്ചയും മൂലം സമ്മർദ്ദത്തിലായിരിക്കുകയാണ്.