ഞാൻ രേവതിയുടെ കുടുംബത്തിനൊപ്പമാണ്, എല്ലാത്തിനും ഞാൻ മാപ്പ് ചോദിക്കുന്നു,' റിലീസിന് ശേഷം അല്ലു അർജുൻ
Dec 14, 2024, 13:57 IST
ഹൈദരാബാദ്: തിക്കിലും തിരക്കിലും പെട്ട് സ്ത്രീ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ശേഷം ആദ്യമായി പ്രതികരിച്ച് നടൻ അല്ലു അർജുൻ. വളരെ നിർഭാഗ്യകരമായ കാര്യങ്ങളാണ് സംഭവിച്ചതെന്ന് അല്ലു അർജുൻ വികാരാധീനനായി പറഞ്ഞു. ജയിൽ മോചിതനായ നടൻ കനത്ത സുരക്ഷയോടെയാണ് ബഞ്ചാര ഹിൽസിലെ വസതിയിൽ എത്തിയത്. കാറിൽ നിന്നിറങ്ങിയ ശേഷം കാത്തുനിന്ന ആരാധകരോട് താരം സംസാരിച്ചു.
വളരെ ദൗർഭാഗ്യകരമായ സംഭവമായിരുന്നു അത്. എല്ലാത്തിനും ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഞങ്ങൾ രേവതിയുടെ കുടുംബത്തോടൊപ്പമാണ്). ഇതിനുമുമ്പ് ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങൾ കുടുംബത്തെ എല്ലാ വിധത്തിലും പിന്തുണയ്ക്കും. എല്ലാവർക്കും നന്ദി പറയുന്നു. ഞാൻ നിയമത്തിൽ വിശ്വസിക്കുന്നു. എൻ്റെ കുടുംബത്തിന് ഇത് വളരെ വെല്ലുവിളി നിറഞ്ഞ സമയമാണ്.
എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു. നിങ്ങളുടെ സ്നേഹം കൊണ്ട് മാത്രമാണ് ഞാനിപ്പോൾ ഇവിടെ നിൽക്കുന്നതെന്ന് അല്ലു അർജുൻ പറഞ്ഞു.
പുഷ്പ 2 എന്ന ചിത്രത്തിൻ്റെ പ്രീമിയർ ഷോയ്ക്ക് ശേഷമുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റിലായ അല്ലു അർജുൻ ശനിയാഴ്ച രാവിലെ ജയിൽ മോചിതനായി. ഇടക്കാല ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് നടൻ ജയിൽ മോചിതനായത്. സുരക്ഷാ കാരണങ്ങളാൽ ചഞ്ചൽഗുഡ ജയിലിൽ നിന്ന് പിൻവശത്തെ ഗേറ്റിലൂടെയാണ് താരം പുറത്തിറങ്ങിയത്. മനഃപൂർവമല്ലാത്ത നരഹത്യയാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. നടന് ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവിൻ്റെ പകർപ്പ് കോടതിയിൽ നിന്ന് ലഭിച്ചിരുന്നില്ല.
ഡിസംബർ നാലിന് രാത്രി 11 മണിയോടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി (35) മരിച്ചു. മകൻ ശ്രീതേജ (ഒമ്പത്)വിന് ഗുരുതരമായി പരിക്കേറ്റു. അല്ലു അർജുൻ്റെ കുടുംബവും സിനിമാ സംഘവും പ്രീമിയർ ഷോയ്ക്ക് എത്തിയതിന് പിന്നാലെയാണ് തിക്കിലും തിരക്കിലും പെട്ടത്