ഓസ്‌ട്രേലിയൻ വിസ ലഭിച്ചില്ല; മോഹൻലാലിന്റെ സിഡ്‌നി ഷോ മാറ്റിവെച്ചു, വീഡിയോയിലൂടെ ക്ഷമ ചോദിച്ച് താരം
ഓസ്‌ട്രേലിയൻ വിസ സമയത്ത് ലഭിക്കാത്തതിനെ തുടർന്ന് നടൻ മോഹൻലാൽ പങ്കെടുക്കാനിരുന്ന സിഡ്‌നി ഷോ മാറ്റിവെച്ചു. ഓഗസ്റ്റ് എട്ടിന് സിഡ്‌നിയിലെ നോർവെസ്റ്റ് കൺവെൻഷൻ സെന്ററിൽ നടത്താനിരുന്ന ‘വൈകിട്ട് എന്താ പരിപാടി’ എന്ന പരിപാടിയാണ് മാറ്റിയത്.
മോഹൻലാൽ ഒഴികെയുള്ള കലാകാരന്മാരും സംഘാംഗങ്ങളും ഇതിനകം സിഡ്‌നിയിലെത്തിയിരുന്നു. കെ.എസ്. ചിത്ര, മനോജ് കെ. ജയൻ തുടങ്ങിയവരും പരിപാടിയുടെ ഭാഗമായിരുന്നു. എന്നാൽ മോഹൻലാലിന്റെ ഓസ്‌ട്രേലിയൻ വിസ നടപടികൾ സമയത്ത് പൂർത്തിയാകാത്തതോടെ പരിപാടി നടത്താനാകാത്ത സാഹചര്യമുണ്ടായി.
നിലവിൽ സിംഗപ്പൂരിലുള്ള മോഹൻലാൽ വീഡിയോ സന്ദേശത്തിലൂടെയാണ് ആരാധകരോട് ക്ഷമ ചോദിച്ചത്. എന്തുകൊണ്ടാണ് വിസ ലഭിക്കാത്തതെന്ന് അറിയില്ലെന്നും സാങ്കേതിക പിഴവോ ക്ലറിക്കൽ മിസ്റ്റേക്കോ ആയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും താരം വ്യക്തമാക്കി.
ഷോയ്ക്കായി ദൂരദേശങ്ങളിൽനിന്ന് എത്തിയ പ്രേക്ഷകരോടും മോഹൻലാൽ പ്രത്യേകമായി ക്ഷമ ചോദിച്ചു. ഇതേ ടീമിനൊപ്പം തന്നെ മറ്റൊരു തീയതിയിൽ സിഡ്‌നിയിൽ ഗംഭീരമായ പരിപാടി നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
അതേസമയം, സംഘാടകരായ Kayal Events വിസ അംഗീകാര നടപടിയിലുണ്ടായ അപ്രതീക്ഷിത കാലതാമസമാണ് പരിപാടി മാറ്റിവെക്കാൻ കാരണമെന്ന് അറിയിച്ചു. സിഡ്‌നി ഷോയ്ക്കായി ടിക്കറ്റ് എടുത്തവർക്ക് പുതിയ തീയതിയിൽ പ്രവേശനം നൽകുന്നതിനുള്ള നടപടികളാണ് പരിഗണിക്കുന്നത്.