'ഞാൻ വളർന്നതും വിവാഹം കഴിച്ചതും മാതൃകേന്ദ്രീകൃത കുടുംബങ്ങളിൽ

രാധിക മർച്ചന്റിന്റെ പരാമർശം സമൂഹത്തിൽ ചർച്ചയാകുന്നു
 
Lifestyle

രാധിക മെർച്ചന്റ്ന ടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും പൊതുചർച്ചകളിലും ശ്രദ്ധനേടുന്നത്. യുവജന സംഘടനയായ I.I.M.U.N.-ൽ നടന്ന സംവാദത്തിനിടെയാണ് താൻ വളർന്നതും വിവാഹം കഴിച്ചതും മാതൃകേന്ദ്രീകൃത (Matriarchy) കുടുംബങ്ങളിലാണെന്ന് രാധിക പറഞ്ഞത്. സ്ത്രീ-പുരുഷ സമത്വം അധികാര പോരാട്ടമല്ല, പരസ്പര ബഹുമാനമാണെന്നും അവർ അഭിപ്രായപ്പെട്ടു. 

"എന്റെ അമ്മയുടെ വീടും ഇപ്പോൾ ഞാൻ വിവാഹം കഴിച്ച കുടുംബവും ശക്തരായ സ്ത്രീകൾ നേതൃത്വം നൽകുന്ന കുടുംബങ്ങളാണ്. സ്ത്രീകളെ ആരും നിയന്ത്രിക്കുന്നതായി ഞാൻ കണ്ടിട്ടില്ല" എന്നാണ് രാധിക പറഞ്ഞത്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സ്ത്രീകളിൽ മാത്രം ഒതുങ്ങാതെ പുരുഷന്മാരെയും സമത്വത്തിന്റെയും ബഹുമാനത്തിന്റെയും മൂല്യങ്ങൾ പഠിപ്പിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 

ഭർത്താവായ അനന്ത് അംബാനിയുമായുള്ള ബന്ധത്തെക്കുറിച്ചും രാധിക തുറന്നുപറഞ്ഞു. എല്ലാ കാര്യങ്ങളിലും ഇരുവരും ഒരുപോലെ മുന്നിൽ നിൽക്കണമെന്നില്ലെന്നും ചില മേഖലകളിൽ അനന്ത് നേതൃത്വം നൽകുമ്പോൾ മറ്റ് ചില കാര്യങ്ങളിൽ താനാണ് നേതൃത്വം വഹിക്കുന്നതെന്നും അവർ പറഞ്ഞു. എന്നാൽ ബന്ധത്തിന്റെ അടിസ്ഥാനം പരസ്പര ബഹുമാനവും വിശ്വാസവുമാണെന്നാണ് രാധികയുടെ നിലപാട്. 

രാധികയുടെ പരാമർശത്തിന് പിന്നാലെ കുടുംബഘടന, സ്ത്രീശാക്തീകരണം, ഫെമിനിസം, ഇന്ത്യൻ കുടുംബങ്ങളിലെ അധികാരസമവാക്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വ്യാപകമായ ചർച്ചകൾ ആരംഭിച്ചു. കുടുംബത്തിലെ നേതൃത്വമെന്നത് ലിംഗത്തെ അടിസ്ഥാനമാക്കിയല്ല, കഴിവും ഉത്തരവാദിത്തവും പരസ്പര ബഹുമാനവുമാണ് നിർണയിക്കേണ്ടതെന്ന് നിരവധി വിദഗ്ധരും അഭിപ്രായപ്പെടുന്നു. 

സമത്വം എന്നത് സ്ത്രീയും പുരുഷനും ഒരേ രീതിയിൽ പ്രവർത്തിക്കണമെന്നല്ല, മറിച്ച് ഇരുവരുടെയും സംഭാവനകൾക്ക് ഒരുപോലെ വില നൽകുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്നതാണെന്ന സന്ദേശമാണ് രാധിക മർച്ചന്റിന്റെ വാക്കുകൾ മുന്നോട്ടുവയ്ക്കുന്നതെന്ന് സാമൂഹിക നിരീക്ഷകർ വിലയിരുത്തുന്നു.