'ശ്വേതയോടും അൻസിബയോടും സംസാരിച്ചു; രാജിവെച്ചവരെ തിരിച്ചെത്തിക്കും': രമേഷ് പിഷാരടി

 
Enter

കൊച്ചി: 'അമ്മ' സംഘടനയിൽ നിന്ന് രാജിവെച്ച അംഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ ശ്രമം നടത്തുമെന്ന് അഡ്ഹോക്ക് കമ്മിറ്റി കൺവീനർ രമേഷ് പിഷാരടി പറഞ്ഞു. മുൻ പ്രസിഡന്റ് ശ്വേത മേനോനുമായും മുൻ ജോയിന്റ് സെക്രട്ടറി അൻസിബ ഹസനുമായും ഇതിനകം സംസാരിച്ചിട്ടുണ്ടെന്നും ഇരുവരും സംഘടനയുടെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

'അമ്മ'യിൽ നിലവിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ ശ്രമമെന്ന് പിഷാരടി പറഞ്ഞു. രാജിവെച്ചവരുമായി വ്യക്തിപരമായി ചർച്ച നടത്തി സംഘടനയിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ജനറൽ ബോഡി യോഗത്തിലെ കടുത്ത തർക്കങ്ങൾക്ക് പിന്നാലെയാണ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവെച്ചത്. തുടർന്ന് നാല് മാസത്തേക്ക് സംഘടനയുടെ ഭരണച്ചുമതല വഹിക്കാൻ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു. പുതിയ തിരഞ്ഞെടുപ്പിന്റെ നടപടികളും ഈ കമ്മിറ്റിയാണ് ഏകോപിപ്പിക്കുക. 

സംഘടനയിൽ സാമ്പത്തിക സുതാര്യത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് രാജികൾ ഉണ്ടായത്. ഇതിന് പിന്നാലെ കൂടുതൽ വനിതാ അംഗങ്ങളും സംഘടനയിൽ നിന്ന് പിന്മാറിയിരുന്നു. സംഘടനയിലെ ഐക്യം പുനഃസ്ഥാപിച്ച് എല്ലാ അംഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്ന് പിഷാരടി വ്യക്തമാക്കി.