‘ഞാനായിരുന്നു കൂടുതൽ ആശങ്കപ്പെട്ടത്’; ‘ടോക്സിക്’ സെറ്റിൽ കിയാരയുടെ ‘ബോഡിഗാർഡായി’ യഷ്
‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കിയാര അദ്വാനിയുടെ ആരോഗ്യത്തിൽ താനും സംവിധായിക ഗീതു മോഹൻദാസും പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് നടൻ യഷ്. കിയാര ഗർഭിണിയായിരിക്കെയാണ് ചിത്രത്തിലെ ചില ഭാഗങ്ങൾ പൂർത്തിയാക്കിയതെന്നും, സെറ്റിൽ തങ്ങൾ ‘ബൗൺസർമാരെയും ബോഡിഗാർഡുകളെയും പോലെ’ അവരെ പരിചരിച്ചിരുന്നുവെന്നും യഷ് പറഞ്ഞു.
ചിത്രത്തിന്റെ മുംബൈയിൽ നടന്ന ഓഡിയോ ലോഞ്ചിലാണ് യഷ് കിയാരയുടെ പ്രൊഫഷണലിസത്തെ പ്രശംസിച്ചത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും മഴയിലെ രംഗങ്ങളും ഉൾപ്പെടെ ഷൂട്ടിങ് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും, അതിനാൽ കിയാരയെക്കുറിച്ച് തനിക്ക് തുടക്കം മുതൽ ആശങ്കയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഗർഭിണിയായ ശേഷവും കിയാര 100 ശതമാനം ആത്മാർഥതയോടെ ചിത്രത്തിനായി പ്രവർത്തിച്ചുവെന്നും യഷ് വ്യക്തമാക്കി. കിയാരയുടെ സമർപ്പണത്തെ പ്രശംസിച്ച അദ്ദേഹം, ഈ സിനിമ തനിക്ക് പ്രത്യേകതയുള്ളതാണെന്നും പറഞ്ഞു.
ചിത്രത്തിലെ ‘തബാഹി’ എന്ന ഗാനത്തിലെ അടുപ്പമുള്ള രംഗങ്ങളുടെ പേരിൽ കിയാരയ്ക്ക് സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ടിരുന്നു. എന്നാൽ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണവും ലഭിച്ചു. കിയാര നേരിട്ട വിമർശനങ്ങളെ യഷ് നേരത്തെയും പ്രതിരോധിച്ചിരുന്നു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ ഒരു ഗ്യാങ്സ്റ്റർ ഡ്രാമയാണ്. യഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ കിയാര അദ്വാനിക്കൊപ്പം ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ, നയൻതാര എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രം ഓഗസ്റ്റ് 26ന് തിയറ്ററുകളിലെത്തും.