ലോകകപ്പുകളിൽ വൻ ഫോർമാറ്റ് മാറ്റവുമായി ഐസിസി; ഏകദിനത്തിൽ 'സൂപ്പർ 7', ട്വന്റി20യിൽ 'സൂപ്പർ 10'
2027 പുരുഷ ഏകദിന ലോകകപ്പിനും 2028 പുരുഷ ട്വന്റി20 ലോകകപ്പിനും പുതിയ മത്സരക്രമം ഐസിസി പ്രഖ്യാപിച്ചു. കൂടുതൽ മത്സരങ്ങൾ നിർണായകമാക്കുകയും ടൂർണമെന്റിന്റെ മത്സരക്ഷമത ഉയർത്തുകയുമാണ് ലക്ഷ്യമെന്ന് ഐസിസി അറിയിച്ചു.
2027 ഏകദിന ലോകകപ്പിൽ 14 ടീമുകൾ തന്നെ പങ്കെടുക്കും. എന്നാൽ ആദ്യഘട്ടത്തിൽ താഴെയുള്ള മൂന്ന് ടീമുകൾ 'സൂപ്പർ സീരീസ്' കളിക്കും. അവിടെ നിന്ന് മുന്നേറുന്ന ടീം ഉൾപ്പെടെ 12 ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് മത്സരിപ്പിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് ടീമുകളും മികച്ച നാലാമത്തെ ടീമും ചേർന്ന് 'സൂപ്പർ 7' ഘട്ടത്തിലെത്തും. ഈ ഘട്ടത്തിൽ റൗണ്ട് റോബിൻ രീതിയിൽ മത്സരിച്ച ശേഷം ആദ്യ നാല് ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടും.
2028 ട്വന്റി20 ലോകകപ്പിൽ 20 ടീമുകൾ അഞ്ച് ഗ്രൂപ്പുകളായി വിഭജിക്കപ്പെടും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ 'സൂപ്പർ 10' ഘട്ടത്തിലേക്ക് കടക്കും. അവിടെ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ജേതാക്കൾ നേരിട്ട് സെമിഫൈനലിലെത്തും. രണ്ടാം സ്ഥാനക്കാരും എതിർ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരും തമ്മിൽ 'എലിമിനേറ്റർ' മത്സരങ്ങൾ നടക്കും. ആ മത്സരങ്ങളിലെ വിജയികളാണ് ശേഷിക്കുന്ന രണ്ട് സെമിഫൈനൽ സ്ഥാനങ്ങൾ സ്വന്തമാക്കുക.