സാധാരണ ഉപ്പിന് പകരം പൊട്ടാസ്യം ചേർത്ത ഉപ്പ് ഉപയോഗിച്ചാൽ ഇന്ത്യയിൽ ലക്ഷക്കണക്കിന് മരണങ്ങളും രോഗങ്ങളും തടയാനാകുമെന്ന് പഠനം

 
Health

ന്യൂഡൽഹി: സാധാരണ പാചകഉപ്പിന് പകരം പൊട്ടാസ്യം സമ്പുഷ്ടമായ ഉപ്പ് ഉപയോഗിക്കുന്നത് ഇന്ത്യയിൽ പ്രതിവർഷം നാലുലക്ഷത്തോളം മരണങ്ങളും 15 ലക്ഷത്തിലധികം ഹൃദ്രോഗ, വൃക്കരോഗ കേസുകളും തടയാൻ സഹായിക്കുമെന്ന് പുതിയ ആഗോള പഠനം. 'നേച്ചർ ഹെൽത്ത്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 193 രാജ്യങ്ങളിലെ ആരോഗ്യസ്ഥിതിയും ഉപ്പിന്റെ ഉപയോഗവും വിലയിരുത്തിയാണ് ഗവേഷകർ നിഗമനത്തിലെത്തിയത്.

സാധാരണ ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം ക്ലോറൈഡിന്റെ ഒരു ഭാഗം പൊട്ടാസ്യം ക്ലോറൈഡ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതാണ് പൊട്ടാസ്യം സമ്പുഷ്ടമായ ഉപ്പ്. ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നതിനും പൊട്ടാസ്യത്തിന്റെ ലഭ്യത വർധിപ്പിക്കുന്നതിനും ഈ മാറ്റം സഹായിക്കും. അമിതമായ സോഡിയം ഉപയോഗം ഉയർന്ന രക്തസമ്മർദത്തിനും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.

ഇന്ത്യയിൽ സാധാരണ ഉപ്പിന് പകരം പൊട്ടാസ്യം ചേർത്ത ഉപ്പ് പൂർണമായും ഉപയോഗിക്കുന്ന സാഹചര്യമുണ്ടായാൽ പ്രതിവർഷം 3,99,884 മരണങ്ങൾ തടയാനാകുമെന്നാണ് പഠനത്തിലെ കണക്ക്. കൂടാതെ ഹൃദയസംബന്ധമായ രോഗങ്ങളുടെയും വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെയും 15,28,494 പുതിയ കേസുകൾ ഒഴിവാക്കാനും സാധിക്കുമെന്ന് ഗവേഷകർ കണക്കാക്കുന്നു. മരണങ്ങളും പുതിയ രോഗബാധകളും ഉൾപ്പെടെ ഏകദേശം 19.3 ലക്ഷം ആരോഗ്യപ്രശ്നങ്ങൾ പ്രതിവർഷം തടയാനാകുമെന്നാണ് വിലയിരുത്തൽ.

ആഗോളതലത്തിൽ സാധാരണ ഉപ്പിന് പകരം പൊട്ടാസ്യം സമ്പുഷ്ടമായ ഉപ്പ് ഉപയോഗിച്ചാൽ പ്രതിവർഷം 29.6 ലക്ഷം മരണങ്ങളും ഒരു കോടിയിലധികം പുതിയ ഹൃദ്രോഗ, വൃക്കരോഗ കേസുകളും തടയാനാകുമെന്നും പഠനം വ്യക്തമാക്കുന്നു. വീടുകളിലെ പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന ഉപ്പിലും ഹോട്ടലുകളിലും സംസ്കരിച്ച ഭക്ഷണങ്ങളിലും ഉപയോഗിക്കുന്ന ഉപ്പിലും മാറ്റം വരുത്തിയാൽ കൂടുതൽ ആരോഗ്യനേട്ടങ്ങൾ കൈവരിക്കാനാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഗുരുതരമായ വൃക്കരോഗമുള്ളവരും രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വർധിപ്പിക്കുന്ന ചില മരുന്നുകൾ ഉപയോഗിക്കുന്നവരും ഇത്തരം ഉപ്പ് ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രക്തത്തിൽ പൊട്ടാസ്യം അമിതമായി വർധിക്കുന്ന ഹൈപ്പർകലീമിയ എന്ന അവസ്ഥ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. അതിനാൽ പൊട്ടാസ്യം ചേർത്ത ഉപ്പിന്റെ ഉപയോഗം സംബന്ധിച്ച് ആരോഗ്യവിദഗ്ധരുടെ നിർദേശം തേടേണ്ടതിന്റെ പ്രാധാന്യവും പഠനം വ്യക്തമാക്കുന്നു.

സാധാരണ ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം പൊട്ടാസ്യം സമ്പുഷ്ടമായ ഉപ്പിന്റെ സുരക്ഷിതമായ ലഭ്യത ഉറപ്പാക്കുന്നത് ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, വൃക്കരോഗം എന്നിവ തടയുന്നതിനുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് സഹായകരമാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.