'ചോദ്യം ചെയ്യാനുള്ള ധൈര്യമുണ്ടെങ്കിൽ അത് ഉപയോഗിക്കൂ
മുംബൈയിൽ വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് വാനിന് മുന്നിൽ നിന്ന ദൃശ്യങ്ങളിലൂടെ ശ്രദ്ധ നേടിയ മോഡലും നടിയുമായ റിയ അഹിർ, തന്റെ പ്രതിഷേധം "മുൻകൂട്ടി ഒരുക്കിയ നാടകം" ആയിരുന്നെന്ന ആരോപണങ്ങൾ തള്ളി. ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക്, "നിങ്ങൾക്ക് ചോദ്യം ചെയ്യാനുള്ള ധൈര്യമുണ്ടെങ്കിൽ ആ ഊർജം സമൂഹത്തിലെ യഥാർത്ഥ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ ഉപയോഗിക്കൂ" എന്നായിരുന്നു റിയയുടെ മറുപടി.
പ്രതിഷേധത്തിനിടെ തനിക്ക് ശാരീരികമായ ബുദ്ധിമുട്ടുകളും പരിക്കുകളും ഉണ്ടായിരുന്നുവെന്നും, ശ്രദ്ധ നേടാനോ അഭിനയിക്കാനോ വേണ്ടിയല്ല താൻ അവിടെ നിന്നതെന്നും റിയ പറഞ്ഞു. സാധാരണ പ്രതിഷേധക്കാരെ കുറ്റവാളികളെപ്പോലെ കൈകാര്യം ചെയ്യുന്നത് കണ്ടപ്പോഴാണ് ഇടപെടാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.
മുംബൈയിലെ വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് വാനിന് മുന്നിൽ ഏകദേശം 40 മിനിറ്റോളം നിന്ന റിയ അഹിറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ നിരവധി പേർ അഭിനന്ദിച്ചപ്പോഴും, അത് ആസൂത്രിതമായ പ്രചാരണമാണെന്ന് ആരോപിച്ച് ചിലർ വിമർശനവും ഉന്നയിച്ചിരുന്നു.