അമേരിക്കയിൽ ആദ്യ അന്താരാഷ്ട്ര സബ്-ക്യാമ്പസ് ആരംഭിക്കാൻ ഐഐടി ബോംബെ; 2027 മുതൽ ക്ലാസുകൾ

 
Education

മുംബൈ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെ അമേരിക്കയിൽ ആദ്യത്തെ അന്താരാഷ്ട്ര സബ്-ക്യാമ്പസ് ആരംഭിക്കാൻ ഒരുങ്ങുന്നു. അമേരിക്കയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക് (SUNY) ഓൾഡ് വെസ്റ്റ്ബറിയുമായി സഹകരിച്ചാണ് പുതിയ ക്യാമ്പസ് സ്ഥാപിക്കുന്നത്. 2027 മുതൽ ആദ്യഘട്ട കോഴ്‌സുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സുസ്ഥിര വികസനം, ക്ലീൻ ടെക്‌നോളജി, എൻജിനിയറിങ് തുടങ്ങിയ ഭാവി സാങ്കേതിക മേഖലകൾക്ക് മുൻഗണന നൽകിയാണ് കോഴ്‌സുകൾ രൂപകൽപ്പന ചെയ്യുക. ബിരുദ, ബിരുദാനന്തര, ഗവേഷണ പരിപാടികൾ ഘട്ടംഘട്ടമായി ആരംഭിക്കുന്നതിനൊപ്പം സംയുക്ത ഗവേഷണം, അധ്യാപക-വിദ്യാർഥി കൈമാറ്റം, അക്കാദമിക് കോൺഫറൻസുകൾ എന്നിവയും പദ്ധതിയുടെ ഭാഗമാകും. 

ഐഐടി ബോംബെ ഡയറക്ടർ പ്രൊഫ. ശിരീഷ് കെദാരെ, ഈ സഹകരണം ഇന്ത്യ-അമേരിക്ക വിദ്യാഭ്യാസ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസ-ഗവേഷണ അവസരങ്ങൾ വിദ്യാർഥികൾക്ക് ഒരുക്കുമെന്നും പറഞ്ഞു. ആദ്യഘട്ടത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളായിരിക്കും ആരംഭിക്കുക. പിന്നീട് സമ്പൂർണ അക്കാദമിക് പ്രോഗ്രാമുകളിലേക്ക് വിപുലീകരിക്കും. 

പുതിയ സബ്-ക്യാമ്പസിലേക്കുള്ള പ്രവേശനം ജെഇഇ അഡ്വാൻസ്ഡ് (JEE Advanced) വഴിയായിരിക്കില്ല. പ്രത്യേക പ്രവേശന മാനദണ്ഡങ്ങളായിരിക്കും ഇതിനായി സ്വീകരിക്കുക. ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഗോള സാന്നിധ്യം വർധിപ്പിക്കുന്നതിലേക്കുള്ള നിർണായക ചുവടുവയ്പ്പായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.