ഐഐടി കാൺപൂർ–ഐഐടി മദ്രാസ് ബി.സൈബർ പ്രോഗ്രാം: 52 പേർ ഷോർട്ട്‌ലിസ്റ്റിൽ
ഇന്ത്യയിലെ ആദ്യത്തെ പ്രായോഗിക അധിഷ്ഠിത ബാച്ചിലർ ഓഫ് സൈബർസെക്യൂരിറ്റി (B.Cyber) ബിരുദ പരിപാടിയിലേക്ക് 52 ഉദ്യോഗാർഥികളെ ഐഐടി കാൺപൂരും ഐഐടി മദ്രാസും ചേർന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്തു. സൈബർ സുരക്ഷാ ഹാക്കത്തോണിലെയും മറ്റ് തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.
ഈ നാല് വർഷത്തെ കോഴ്‌സ് 2026 അധ്യയന വർഷം മുതൽ ആരംഭിക്കും. ക്ലാസ് മുറിയിലെ പഠനത്തോടൊപ്പം രണ്ട് വർഷത്തെ ഫീൽഡ് ഡിപ്ലോയ്‌മെന്റും പ്രായോഗിക പരിശീലനവും ഉൾപ്പെടുത്തിയിരിക്കുന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ഐഐടി കാൺപൂരിലോ ഐഐടി മദ്രാസിലോ പഠനം തുടരാനുള്ള അവസരം ലഭിക്കും.
പ്രോഗ്രാമിലേക്ക് അപേക്ഷിച്ചെങ്കിലും ഷോർട്ട്‌ലിസ്റ്റിൽ ഇടംനേടാത്തവർക്ക് പ്രോസസിങ് ചാർജ് കുറച്ചശേഷം അപേക്ഷാഫീസ് തിരികെ നൽകുമെന്ന് ഐഐടി കാൺപൂർ ഡയറക്ടർ അറിയിച്ചു. രാജ്യത്ത് സൈബർ സുരക്ഷാ വിദഗ്ധരുടെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണ് ഈ പുതിയ ബിരുദ പരിപാടി ആരംഭിച്ചിരിക്കുന്നത്.