പാകിസ്ഥാൻ ഹൈക്കമ്മിഷന് പുറത്തെ കെട്ടിടങ്ങൾ നീക്കി ഇന്ത്യ; തിരിച്ചടിയെന്ന് സൂചന

 
National

ന്യൂഡൽഹി: ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷന് പുറത്ത് സ്ഥാപിച്ചിരുന്ന അനുമതിയില്ലാത്ത നിർമാണങ്ങളും ബാരിക്കേഡുകളും ഇന്ത്യൻ അധികൃതർ നീക്കി. ഹൈക്കമ്മിഷന്റെ വിസ വിഭാഗത്തിന് സമീപത്തെ ക്യൂ മാനേജ്മെന്റ് സംവിധാനങ്ങളും ട്രാഫിക് ബൊല്ലാർഡുകളും ഉൾപ്പെടെയാണ് നീക്കം ചെയ്തത്. 

ജെസിബി ഉപയോഗിച്ചാണ് നടപടികൾ നടത്തിയത്. ഹൈക്കമ്മിഷന് അനുവദിച്ച പരിധിക്ക് പുറത്താണ് ചില നിർമാണങ്ങൾ കണ്ടെത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.

മൂന്ന് ദിവസം മുമ്പ് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷന് പുറത്ത് സ്ഥാപിച്ചിരുന്ന സുരക്ഷാ ബാരിക്കേഡുകൾ പാകിസ്ഥാൻ അധികൃതർ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിലെ നടപടി. അതിനാൽ ഇന്ത്യയുടെ നീക്കം തിരിച്ചടിയായുള്ള ‘ടിറ്റ്-ഫോർ-ടാറ്റ്’ നടപടിയാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. 

അതേസമയം, പാകിസ്ഥാൻ ഹൈക്കമ്മിഷന്റെ പ്രധാന പ്രവേശന കവാടം ഉൾപ്പെടെയുള്ള കെട്ടിടത്തിന്റെ പ്രധാന ഭാഗങ്ങൾ നടപടിയിൽ ബാധിക്കപ്പെട്ടിട്ടില്ല. ഇന്ത്യ–പാക് ബന്ധം സംഘർഷഭരിതമായി തുടരുന്നതിനിടെയാണ് പുതിയ നീക്കം.