ഇന്ത്യ ഇപ്പോഴും ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നുവെന്ന് ആംനസ്റ്റി റിപ്പോർട്ട്

 ഗുരുതര ആരോപണവുമായി മനുഷ്യാവകാശ സംഘടന
 
National

ഗാസ യുദ്ധം തുടരുന്നതിനിടെ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും സൈനിക ഉപകരണങ്ങളുടെ ഭാഗങ്ങളും ഇപ്പോഴും കയറ്റുമതി ചെയ്യുന്നുവെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പുതിയ അന്വേഷണ റിപ്പോർട്ടിൽ ആരോപിച്ചു. 2023 ഒക്ടോബർ 7 മുതൽ 2025 നവംബർ 30 വരെ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളുമായി ബന്ധപ്പെട്ട കുറഞ്ഞത് 2,596 കയറ്റുമതികൾ നടന്നതായി റിപ്പോർട്ടിൽ പറയുന്നു. 

മെഷീൻഗൺ ഭാഗങ്ങൾ, 155 എം.എം. ഹൈ-എക്സ്പ്ലോസീവ് ആർട്ടിലറി ഷെല്ലുകൾ, ഡ്രോൺ വാർഹെഡുകളുടെ ഘടകങ്ങൾ, സൈനിക വാഹനങ്ങളുടെ ഭാഗങ്ങൾ എന്നിവ ഇസ്രായേൽ സൈന്യത്തിന് വിതരണം ചെയ്യുന്ന കമ്പനികളിലേക്ക് എത്തിയതായി റിപ്പോർട്ടിൽ ആരോപിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഈ കയറ്റുമതികൾ കാരണമായേക്കാമെന്നും അതിനാൽ അന്താരാഷ്ട്ര നിയമപ്രകാരമുള്ള ബാധ്യതകൾ ഇന്ത്യ പാലിക്കണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു. 

അതേസമയം, റിപ്പോർട്ടിലെ കണ്ടെത്തലുകൾ സംബന്ധിച്ച് പ്രസിദ്ധീകരണത്തിന് മുമ്പ് ഇന്ത്യാ സർക്കാരിനും റിപ്പോർട്ടിൽ പരാമർശിക്കുന്ന കമ്പനികൾക്കും ആംനസ്റ്റി വിശദീകരണം തേടി കത്തയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് സംഘടന വ്യക്തമാക്കിയത്. റിപ്പോർട്ടിലെ ആരോപണങ്ങളോട് ഇന്ത്യ സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.