ലോകകപ്പിന് മുമ്പ് ഇന്ത്യൻ ഹോക്കി ടീമിന്റെ ജഴ്‌സി വിവാദത്തിൽ; നീലയ്ക്ക് പകരം കാവി നിറം
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ-വനിതാ ഹോക്കി ടീമുകളുടെ പരമ്പരാഗത നീല ജഴ്‌സിക്ക് പകരം 2026 ഹോക്കി ലോകകപ്പിൽ കാവി നിറത്തിലുള്ള ജഴ്‌സി അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനം വിവാദമായി. മുൻ ഇന്ത്യൻ നായകനും ഒളിമ്പ്യനുമായ വിരൻ റസ്ക്വിന്ഹയാണ് തീരുമാനത്തെ രൂക്ഷമായി വിമർശിച്ചത്.
ഇന്ത്യൻ ഹോക്കിയുടെ പാരമ്പര്യവും വ്യക്തിത്വവും നീല ജഴ്‌സിയുമായി ബന്ധപ്പെട്ടതാണെന്നും, അതിൽ നിന്ന് മാറാനുള്ള യുക്തി എന്താണെന്നും റസ്ക്വിന്ഹ ചോദിച്ചു. ആരാധകർ ഇന്ത്യൻ ടീമിനെ നീല ജഴ്‌സിയിലാണ് കാണാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, തീരുമാനം സാങ്കേതിക കാരണങ്ങളാലാണെന്ന് ഹോക്കി ഇന്ത്യ വിശദീകരിച്ചു. നിലവിൽ ഉപയോഗിക്കുന്ന നീല സിന്തറ്റിക് ടർഫിൽ നീല ജഴ്‌സി വ്യക്തത കുറയ്ക്കുന്നതിനാൽ പരിശീലകരുടെയും താരങ്ങളുടെയും നിർദേശപ്രകാരമാണ് കാവി നിറം തെരഞ്ഞെടുത്തതെന്ന് അധികൃതർ അറിയിച്ചു. ദേശീയപതാകയിലെ പ്രധാന നിറങ്ങളിലൊന്നായ കാവി ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണെന്നും ഹോക്കി ഇന്ത്യ കൂട്ടിച്ചേർത്തു.
നെതർലൻഡ്സിലും ബെൽജിയത്തുമായി ഓഗസ്റ്റിൽ നടക്കുന്ന ഹോക്കി ലോകകപ്പിലാണ് ഇന്ത്യൻ ടീമുകൾ പുതിയ ജഴ്‌സി അണിയുക.