ഒരു ദശകത്തിൽ ഇന്ത്യയുടെ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾ ഒരു ബില്യൺ

6ജിയിൽ ലോകത്തെ നയിക്കും: സിന്ധ്യ
 
National

ഇന്ത്യയുടെ ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ എണ്ണം കഴിഞ്ഞ ഒരു ദശകത്തിനിടെ 6 കോടിയിൽ നിന്ന് ഒരു ബില്യണിലധികമായി ഉയർന്നതായി കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഡിജിറ്റൽ കണക്റ്റിവിറ്റിയിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2014ൽ ഒരു ജിബി ഡാറ്റയ്ക്ക് ഏകദേശം 268 രൂപ ചെലവായിരുന്നെങ്കിൽ ഇപ്പോൾ അത് എട്ട് രൂപയായി കുറഞ്ഞതായി സിന്ധ്യ പറഞ്ഞു. കുറഞ്ഞ ചെലവിൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകുന്നത് കൂടുതൽ ആളുകളെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഇന്ത്യയിൽ 1.35 ബില്യൺ മൊബൈൽ കണക്ഷനുകളുണ്ടെന്നും സിന്ധ്യ അറിയിച്ചു.

5ജി രംഗത്തും ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ഏകദേശം 55 കോടി ആളുകൾ 5ജി സേവനം ഉപയോഗിക്കുന്നുണ്ട്. 2030ഓടെ ഈ എണ്ണം ഒരു ബില്യണായി ഉയർത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 5ജി അതിവേഗം സ്വീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും സിന്ധ്യ പറഞ്ഞു.

4ജിയിൽ ഇന്ത്യ ലോകത്തിന് പിന്നിലായിരുന്നെങ്കിലും 5ജിയിൽ ലോകത്തിനൊപ്പം മുന്നേറിയെന്നും 6ജിയിൽ ലോകത്തെ നയിക്കുകയാണ് ലക്ഷ്യമെന്നും സിന്ധ്യ വ്യക്തമാക്കി. 6ജി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഗവേഷണവും പേറ്റന്റ് പ്രവർത്തനങ്ങളും ശക്തമാക്കുകയാണ്. ഇന്ത്യ സാങ്കേതികവിദ്യ സ്വീകരിക്കുന്ന രാജ്യത്തിൽ നിന്ന് ആഗോള ടെലികോം മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്ന രാജ്യമായി മാറണമെന്നാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.