പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ പുതിയ നീക്കം; ഏഷ്യാ കപ്പ് ടൂർണമെന്റിൽ നിന്ന് പിന്മാറാൻ


മുംബൈ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യാ കപ്പിലെ എല്ലാ ടൂർണമെന്റുകളിൽ നിന്നും ഇന്ത്യൻ ടീം പിന്മാറുകയാണെന്ന് ബിസിസിഐ അറിയിച്ചു. പാകിസ്ഥാനെ ഒറ്റപ്പെടുത്തുക എന്നതാണ് പുതിയ നീക്കം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരും പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള പാകിസ്ഥാന്റെ പ്രകോപനങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തെ വഷളാക്കി. ഈ സാഹചര്യത്തിലാണ് ബിസിസിഐയുടെ തീരുമാനം.
ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ നീക്കം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് വലിയ തിരിച്ചടിയാണ്. അടുത്ത മാസം ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന വനിതാ എമേർജിംഗ് ടീമുകളുടെ ഏഷ്യാ കപ്പിൽ നിന്നും സെപ്റ്റംബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പുരുഷ ഏഷ്യാ കപ്പിൽ നിന്നും പിന്മാറാനുള്ള തീരുമാനം ബിസിസിഐ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ (എസിസി) അറിയിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
എസിസിയുടെ ഇപ്പോഴത്തെ തലവൻ മൊഹ്‌സിൻ നഖ്‌വിയാണ്. അദ്ദേഹം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) ചെയർമാൻ മാത്രമല്ല, പാകിസ്ഥാൻ സർക്കാരിന്റെ ആഭ്യന്തര മന്ത്രി കൂടിയാണ്. ഏഷ്യാ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറാനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്. പാകിസ്ഥാൻ മന്ത്രി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ ഇന്ത്യ കളിക്കില്ലെന്നാണ് ബിസിസിഐ നിലപാട്. രാജ്യത്തിന്റെ വികാരങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം.
‘വരാനിരിക്കുന്ന വനിതാ എമേർജിംഗ് ടീമുകളുടെ ഏഷ്യാ കപ്പ് പിൻവലിച്ചതിനെക്കുറിച്ച് ഞങ്ങൾ എസിസിയെ വാക്കാൽ അറിയിച്ചിട്ടുണ്ട്. അവരുടെ പരിപാടികളിലെ ഞങ്ങളുടെ ഭാവി പങ്കാളിത്തവും ഞങ്ങൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ഇന്ത്യൻ സർക്കാരുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടിരിക്കുന്നു’ ബിസിസിഐ വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യയുടെ നീക്കം ഏഷ്യാ കപ്പിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നതിൽ സംശയമില്ല.
അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ മിക്ക സ്പോൺസർമാരും ഇന്ത്യയിൽ നിന്നുള്ളവരാണ്. അതിനാൽ ഇന്ത്യയില്ലാതെ ഏഷ്യാ കപ്പ് അചിന്തനീയമാണ്. 2024 ൽ സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ അടുത്ത എട്ട് വർഷത്തേക്ക് ഏഷ്യാ കപ്പിന്റെ മാധ്യമ അവകാശങ്ങൾക്കായി 170 മില്യൺ യുഎസ് ഡോളറിന്റെ കരാർ നേടിയിരുന്നു. ടൂർണമെന്റ് റദ്ദാക്കിയാൽ സോണിക്ക് കരാർ വീണ്ടും ചർച്ച ചെയ്യേണ്ടിവരും.
ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഇതാദ്യമല്ല. 2023-ൽ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കാൻ ബിസിസിഐ വിസമ്മതിച്ചിരുന്നു. അതിനാൽ ആ വർഷം ഇന്ത്യയുടെ എല്ലാ മത്സരങ്ങൾക്കും ആതിഥേയത്വം വഹിക്കാൻ ശ്രീലങ്കയെ ഒരു നിഷ്പക്ഷ വേദിയായി തിരഞ്ഞെടുത്തു. ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കും ഇന്ത്യ അതേ നിലപാട് സ്വീകരിച്ചു. ആ വർഷം ദുബായിലാണ് ഇന്ത്യൻ മത്സരങ്ങൾ നടന്നത്.