ഇൻഡിഗോ വിമാനയാത്രയ്ക്ക് ചെലവേറും; ഇന്ധന ചാർജ് വീണ്ടും വർധിപ്പിച്ചു
ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് തിരിച്ചടിയായി ഇൻഡിഗോ ഇന്ധന ചാർജ് വീണ്ടും വർധിപ്പിച്ചു. ഒക്ടോബർ ആറിന് അർധരാത്രി 12.01 മുതൽ നടത്തുന്ന പുതിയ ബുക്കിങ്ങുകൾക്കാണ് പുതുക്കിയ നിരക്ക് ബാധകമാകുക. രാജ്യാന്തര സർവീസുകളിൽ ഇന്ധന ചാർജ് പരമാവധി 10,000 രൂപ വരെയാണ് വർധിക്കുക.
ആഭ്യന്തര സർവീസുകളിൽ യാത്രാദൂരത്തിന് അനുസരിച്ചാണ് പുതിയ ഇന്ധന ചാർജ്. 500 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 375 രൂപയും 501 മുതൽ 1,000 കിലോമീറ്റർ വരെ 600 രൂപയും 1,001 മുതൽ 1,500 കിലോമീറ്റർ വരെ 900 രൂപയുമാണ് ചാർജ്. 1,501 മുതൽ 2,000 കിലോമീറ്റർ വരെ 1,150 രൂപയും 2,000 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് 1,300 രൂപയും നൽകണം.
രാജ്യാന്തര സർവീസുകളിൽ റൂട്ടിനനുസരിച്ച് 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് അധിക ഇന്ധന ചാർജ്. യൂറോപ്പിലേക്കുള്ള സർവീസുകൾക്ക് 10,000 രൂപയും തെക്കുകിഴക്കൻ ഏഷ്യ, ഗൾഫ്, മിഡിൽ ഈസ്റ്റ്, വടക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് 5,500 രൂപയുമാണ് പുതുക്കിയ ചാർജ്. ആഫ്രിക്കയിലേക്കുള്ള സർവീസുകൾക്ക് 6,000 രൂപയും ഈടാക്കും.
വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (ATF) വില തുടർച്ചയായി ഉയരുന്നതാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്ന് ഇൻഡിഗോ വ്യക്തമാക്കി. ഒക്ടോബറിലെ ATF വിലവർധന 14 ശതമാനം കടന്നതോടെ ഇന്ധനച്ചെലവ് കഴിഞ്ഞ ഒരു ദശകത്തിലെ ഉയർന്ന നിലകളിലൊന്നിലെത്തിയെന്നാണ് കമ്പനി പറയുന്നത്.
ഇന്ധനച്ചെലവിലെ വർധനയുടെ മുഴുവൻ ഭാരവും യാത്രക്കാരിലേക്ക് മാറ്റാതെ താരതമ്യേന നിയന്ത്രിതമായ രീതിയിലാണ് ചാർജ് പുനഃക്രമീകരിച്ചതെന്നും ഇൻഡിഗോ അറിയിച്ചു. പുതിയ നിരക്ക് നിലവിൽ വരുന്നതോടെ പ്രത്യേകിച്ച് രാജ്യാന്തര യാത്രകളുടെ ടിക്കറ്റ് നിരക്കിൽ ഗണ്യമായ വർധനയുണ്ടാകാൻ സാധ്യതയുണ്ട്.