‘അപമാനകരം’: ഇന്ത്യക്കാർക്കെതിരായ വംശീയ പരാമർശങ്ങളിൽ സിംഗപ്പൂർ പൊലീസ് അന്വേഷണം
സിംഗപ്പൂർ: ഇന്ത്യക്കാരെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വംശീയവും വിദ്വേഷപരവുമായ പരാമർശങ്ങളിൽ സിംഗപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പരാമർശങ്ങളെ സീനിയർ മന്ത്രി കെ. ഷൺമുഖം ‘അപമാനകരവും തീർത്തും അംഗീകരിക്കാനാകാത്തതും’ എന്നാണ് വിശേഷിപ്പിച്ചത്.
നേപ്പാളിലുണ്ടായ പ്രളയത്തിൽ ഒമ്പത് സിംഗപ്പൂർ പൗരന്മാരെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട ഓൺലൈൻ ചർച്ചകളിലാണ് ചില വിദ്വേഷ പരാമർശങ്ങൾ പ്രത്യക്ഷപ്പെട്ടത്. സിംഗപ്പൂർ എയർലൈൻസ് എയർ ഇന്ത്യയിൽ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട ചർച്ചകളിലും ഇന്ത്യക്കാർക്കെതിരായ അധിക്ഷേപങ്ങൾ ഉയർന്നതായി അധികൃതർ പറഞ്ഞു.
വംശീയ വിദ്വേഷം സാധാരണമായിത്തീരാൻ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി ലോറൻസ് വോങ് വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യാമെങ്കിലും ഒരു സമൂഹത്തിനെതിരായ മുൻവിധിയോ വിദ്വേഷമോ പ്രചരിപ്പിക്കുന്നതിന് അത് മറയാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അനുചിതമായ കമന്റുകൾ നീക്കം ചെയ്യാൻ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെടുമെന്നും സിംഗപ്പൂർ അധികൃതർ അറിയിച്ചു. ഇത്തരം പരാമർശങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും ഷൺമുഖം വ്യക്തമാക്കി.
സിംഗപ്പൂരിലെ വിവിധ വംശീയ സമൂഹങ്ങൾ തമ്മിലുള്ള സൗഹാർദം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സംഭവത്തോടെ വീണ്ടും ചർച്ചയായി. ഇന്ത്യക്കാരെതിരായ വിദ്വേഷം രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിന് ദോഷകരമാണെന്ന് സിംഗപ്പൂർ നേതാക്കൾ മുന്നറിയിപ്പ് നൽകി.