ഐപിഎൽ മാർച്ച് 10 മുതൽ? ടൂർണമെന്റിന്റെ സമയക്രമത്തിൽ വൻ മാറ്റം പരിഗണിച്ച് ബിസിസിഐ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ഭാവി സീസണുകൾ നിലവിലെ സമയക്രമത്തേക്കാൾ നേരത്തെ ആരംഭിക്കുന്ന സാധ്യതകൾ ബലപ്പെടുന്നു. ടൂർണമെന്റ് എല്ലാ വർഷവും മാർച്ച് 10 മുതൽ മേയ് 15 വരെ നടത്തുന്നതിനുള്ള സാധ്യതയാണ് ബിസിസിഐ ഗൗരവമായി പരിശോധിക്കുന്നത്. 2027 മുതൽ ഈ പുതിയ സമയക്രമം നടപ്പിലാക്കാനാണ് ആലോചനയെന്നാണ് റിപ്പോർട്ടുകൾ.
ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. മേയ് മാസത്തിന്റെ രണ്ടാം പകുതിയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന കടുത്ത ചൂടും പ്രീ-മൺസൂൺ മഴയും കളിക്കാരുടെയും ആരാധകരുടെയും അനുഭവത്തെ ബാധിക്കുന്നതിനാലാണ് ടൂർണമെന്റ് നേരത്തെയാക്കാനുള്ള നീക്കം. മത്സരങ്ങൾ കൂടുതൽ അനുകൂലമായ കാലാവസ്ഥയിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
അതേസമയം, ഐപിഎല്ലിലെ മത്സരങ്ങളുടെ എണ്ണം വർധിപ്പിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറിലെ തിരക്കുകൾ കണക്കിലെടുത്ത് നിലവിലുള്ള 74 മത്സരങ്ങളുടെ ഫോർമാറ്റ് തന്നെ തുടരുമെന്നാണ് അധികൃതരുടെ നിലപാട്. മുമ്പ് പരിഗണിച്ചിരുന്ന 94 മത്സരങ്ങളിലേക്കുള്ള വിപുലീകരണം നിലവിൽ അജൻഡയിലില്ല.
പുതിയ സമയക്രമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര ക്രിക്കറ്റ് സീസണും പുനഃക്രമീകരിക്കാനാണ് ബിസിസിഐയുടെ ആലോചന. എല്ലാ ആഭ്യന്തര ടൂർണമെന്റുകളും മാർച്ച് 10-നകം പൂർത്തിയാക്കുന്ന തരത്തിൽ കലണ്ടർ ക്രമീകരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.