നാറ്റോ ഉച്ചകോടിക്കിടെ ട്രംപ് താമസിച്ച ഹോട്ടലിന്റെ നില പോലും ഇറാന് അറിയാമായിരുന്നു

 മിസൈൽ ഭീഷണിയിൽ രഹസ്യ നീക്കം
 
World

തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താമസിച്ചിരുന്ന സ്ഥലത്തെക്കുറിച്ച് ഇറാന് കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ട്രംപ് താമസിച്ച കെട്ടിടത്തിലെ ഏത് നിലയിലാണെന്ന വിവരം പോലും ഇറാന് അറിയാമായിരുന്നുവെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. 

ജൂലൈയിൽ നടന്ന ഉച്ചകോടിയുടെ അവസാന ദിവസമാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ട്രംപിനെതിരായ സുരക്ഷാ ഭീഷണിയെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചത്. ട്രംപ് സഞ്ചരിക്കുന്ന വിമാനത്തെ ലക്ഷ്യമിട്ട് പ്രത്യേക സർഫേസ്-ടു-എയർ മിസൈൽ ഭീഷണി ഉണ്ടായിരുന്നതായും യുഎസ് ഉദ്യോഗസ്ഥർ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 

നാറ്റോ ഉച്ചകോടിക്ക് സമീപം ഒരാൾ തോളിൽ വഹിക്കാവുന്ന മിസൈൽ ആയുധവുമായി കാണപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഈ വിവരങ്ങൾ ലഭിച്ചതോടെ ട്രംപിന്റെ തുർക്കിയിൽ നിന്നുള്ള മടക്കയാത്രയിൽ അസാധാരണമായ സുരക്ഷാ നടപടികൾ സ്വീകരിച്ചു. 

ട്രംപ് പഴയ എയർഫോഴ്സ് വൺ വിമാനത്തിലാണ് മടങ്ങുന്നതെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും, യഥാർഥത്തിൽ അദ്ദേഹത്തെ രഹസ്യമായി മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു ഈ നീക്കം. 

ഇറാൻ നേരിട്ട് ട്രംപിനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്തുവന്നിട്ടില്ല. എന്നാൽ യുഎസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയ വിവരങ്ങൾ ഭീഷണി ഗൗരവത്തോടെ കാണാൻ കാരണമായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.