ബഹ്റൈനിൽ ഇറാന്റെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണം

വ്യവസായ കേന്ദ്രത്തിൽ തീപിടിത്തം, ഗൾഫ് മേഖലയിൽ യുദ്ധഭീതി ശക്തം
 
Drone

ഗൾഫ് മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കി ബഹ്റൈനിൽ ഇറാന്റെ പുതിയ ആക്രമണം. ശനിയാഴ്ച (നവംബർ 21) രാജ്യത്തെ ഒരു സിവിലിയൻ വ്യവസായ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ തീപിടിത്തവും കെട്ടിടങ്ങൾക്ക് നാശനഷ്ടവും റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആളപായമില്ലെന്ന് ബഹ്റൈൻ അധികൃതർ അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് വിഭാഗം അടിയന്തര നടപടികൾ സ്വീകരിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായി അറിയിച്ചെങ്കിലും വീണ്ടും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വ്യവസായ കേന്ദ്രത്തിന്റെ കൃത്യമായ സ്ഥലം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

അതിനിടെ, ബഹ്റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (IRGC) അവകാശപ്പെട്ടു. അൽ റിഫ, അവാലി മേഖലകളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലെ വ്യോമപ്രതിരോധ സംവിധാനങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് ഇറാന്റെ വിശദീകരണം. അമേരിക്കയുടെ തുടർച്ചയായ ആക്രമണങ്ങൾക്കും ഇറാന്റെ വ്യോമാതിർത്തി ലംഘനങ്ങൾക്കുമുള്ള തിരിച്ചടിയാണിതെന്നും ഇറാൻ വ്യക്തമാക്കി. എന്നാൽ ഇറാന്റെ ഈ അവകാശവാദത്തെക്കുറിച്ച് അമേരിക്കൻ സെൻട്രൽ കമാൻഡ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഇറാന്റെ ആക്രമണശ്രമങ്ങളെ ബഹ്റൈൻ പ്രതിരോധസേനയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായും നിരവധി ആക്രമണങ്ങൾ ആകാശത്തുവെച്ച് നിർവീര്യമാക്കിയതായും അധികൃതർ അറിയിച്ചു. തടഞ്ഞുവീഴ്ത്തിയ ആക്രമണങ്ങളുടെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് ചില പ്രദേശങ്ങളിൽ വസ്തുനാശമുണ്ടായെങ്കിലും ആളപായമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമായ ബഹ്റൈൻ സംഘർഷത്തിൽ കൂടുതൽ പ്രധാനപ്പെട്ട തന്ത്രപ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ആക്രമണങ്ങൾ മേഖലയിലെ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്നതായും വിലയിരുത്തപ്പെടുന്നു.

ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഗൾഫ് മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് കടന്നത്. ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും തുടർന്നുള്ള സൈനിക നീക്കങ്ങളും അന്താരാഷ്ട്ര വ്യാപാരത്തെയും എണ്ണവിപണിയെയും ആശങ്കയിലാക്കിയിട്ടുണ്ട്. ലോകത്തിലെ പ്രധാന എണ്ണവിതരണ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്. ബഹ്റാനിലെ പുതിയ ആക്രമണത്തോടെ ഗൾഫ് രാജ്യങ്ങൾ കൂടുതൽ സുരക്ഷാ മുൻകരുതലുകളിലേക്ക് നീങ്ങുമ്പോൾ, മേഖലയിൽ സംഘർഷം വ്യാപിക്കാതിരിക്കാനുള്ള നയതന്ത്ര ഇടപെടലുകൾക്കായുള്ള ആവശ്യവും ശക്തമാവുകയാണ്.