ട്രംപുമായി ചർച്ച നടത്താൻ മുതിർന്ന മനശ്ശാസ്ത്ര വിദഗ്ധരുടെ സഹായം തേടി ഇറാൻ; റിപ്പോർട്ടിൽ ശ്രദ്ധേയ വെളിപ്പെടുത്തൽ

 
World
World
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള പരോക്ഷ ചർച്ചകൾ കൂടുതൽ ഫലപ്രദമാക്കുന്നതിനായി ഇറാൻ മുതിർന്ന മനശ്ശാസ്ത്ര വിദഗ്ധരുടെ സേവനം തേടിയതായി റിപ്പോർട്ട്. ട്രംപിന്റെ തീരുമാനമെടുക്കുന്ന രീതിയും പ്രതികരണ ശൈലിയും വിലയിരുത്തി അതനുസരിച്ച് സന്ദേശങ്ങൾ തയ്യാറാക്കാൻ രണ്ട് സീനിയർ സൈക്കോളജിസ്റ്റുകളെ ചർച്ചാ സംഘത്തിന്റെ ഉപദേശക വലയത്തിൽ ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 
ആദ്യഘട്ട ചർച്ചകൾക്കുശേഷമാണ് ഈ വിദഗ്ധരെ ഉൾപ്പെടുത്തിയതെന്ന് പേരുവെളിപ്പെടുത്താൻ തയ്യാറാകാത്ത ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ട്രംപിന്റെ പെരുമാറ്റരീതിയെ വിശകലനം ചെയ്ത് അതിന് അനുയോജ്യമായ ഭാഷയും ആശയവിനിമയ രീതിയും രൂപപ്പെടുത്തുക എന്നതായിരുന്നു ഇവരുടെ പ്രധാന ചുമതലയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 
മനശ്ശാസ്ത്ര വിദഗ്ധരുടെ നിർദേശങ്ങൾ സ്വീകരിച്ചശേഷം ട്രംപിന്റെ പ്രതികരണങ്ങളിൽ ശ്രദ്ധേയമായ മാറ്റം ഉണ്ടായെന്നും ചർച്ചകൾ കൂടുതൽ അനുകൂലമായ രീതിയിൽ മുന്നോട്ടുപോയെന്നുമാണ് ഇറാനിയൻ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടത്. ഭാവിയിൽ ഈ ആശയവിനിമയ രേഖകൾ ചരിത്രത്തിന്റെ ഭാഗമാകുമെന്നതിനാൽ ഓരോ സന്ദേശവും അതീവ സൂക്ഷ്മമായാണ് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 
അതേസമയം, ഈ വെളിപ്പെടുത്തലിനെക്കുറിച്ച് അമേരിക്കൻ ഭരണകൂടം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇറാൻ നടത്തിയതായി പറയപ്പെടുന്ന ഈ നീക്കം അന്താരാഷ്ട്ര നയതന്ത്ര ചർച്ചകളിൽ മനശ്ശാസ്ത്ര വിശകലനത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.