ഇറാന്റെ മിസൈൽ ആക്രമണം; വ്യോമാതിർത്തി അടച്ച് കുവൈത്ത്, വൈദ്യുതി-ജല വിതരണ സംവിധാനങ്ങൾക്കും ആഘാതം
കുവൈത്ത് സിറ്റി: ഇറാൻ നടത്തിയ പുതിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ കുവൈത്ത് താൽക്കാലികമായി രാജ്യത്തിന്റെ വ്യോമാതിർത്തി അടച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് സിവിൽ ഏവിയേഷൻ അധികൃതർ തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു.
ആക്രമണത്തിൽ കുവൈത്തിലെ പ്രധാന വൈദ്യുതി നിലയങ്ങൾക്കും കടൽജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന ഡീസാലിനേഷൻ പ്ലാന്റുകൾക്കും കേടുപാടുകൾ സംഭവിച്ചു. ചില പ്രദേശങ്ങളിൽ വൈദ്യുതി മുടക്കവും കുടിവെള്ള വിതരണ തടസ്സവും റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു.
അമേരിക്കൻ സൈനിക നടപടികൾക്ക് മറുപടിയായാണ് ഇറാൻ ഗൾഫ് മേഖലയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കിയത്. കുവൈത്തിനൊപ്പം ജോർദാൻ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കും മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചെന്നാണ് റിപ്പോർട്ടുകൾ. മേഖലയിൽ സംഘർഷം രൂക്ഷമായതോടെ എണ്ണവിലയും ആഗോള വ്യോമഗതാഗതവും വീണ്ടും സമ്മർദത്തിലായിരിക്കുകയാണ്.