ലോകകപ്പിന് മുന്നോടിയായി ഇറാഖ് താരത്തിന് യുഎസ് വിമാനത്താവളത്തിൽ ഏഴ് മണിക്കൂർ ചോദ്യം ചെയ്യൽ

 
Sports
Sports
ഷിക്കാഗോ: 2026 ഫിഫ ലോകകപ്പിനായി അമേരിക്കയിലെത്തിയ ഇറാഖ് ദേശീയ ഫുട്ബോൾ ടീമിന്റെ സൂപ്പർതാരം അയ്മൻ ഹുസൈൻ ഷിക്കാഗോയിലെ ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം ഏഴ് മണിക്കൂർ തടഞ്ഞുവെച്ച് ചോദ്യം ചെയ്യലിന് വിധേയനായതായി റിപ്പോർട്ട്. പരിശോധനയുടെ ഭാഗമായി താരത്തിന്റെ മൊബൈൽ ഫോണും അമേരിക്കൻ അധികൃതർ പരിശോധിച്ചതായാണ് വിവരം. 
ലോകകപ്പിനുള്ള ഇറാഖ് ടീമിനൊപ്പമാണ് 30-കാരനായ ഹുസൈൻ അമേരിക്കയിലെത്തിയത്. ദീർഘനേരം ചോദ്യം ചെയ്തശേഷം താരത്തിന് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചെങ്കിലും ടീമിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായ തലാൽ സലാഹിനെ പത്ത് മണിക്കൂറിലേറെ നേരം തടഞ്ഞുവെച്ച ശേഷം അമേരിക്കയിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചതായും റിപ്പോർട്ടുകളുണ്ട്. 
ഇറാഖിനെ നാല് പതിറ്റാണ്ടുകൾക്കുശേഷം ലോകകപ്പിലേക്ക് നയിച്ച നിർണായക ഗോൾ നേടിയ താരമാണ് അയ്മൻ ഹുസൈൻ. സംഭവത്തെക്കുറിച്ച് ഇറാഖ് ഫുട്ബോൾ ഫെഡറേഷനോ താരമോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പും ഇമിഗ്രേഷൻ അധികൃതരും വിഷയത്തിൽ ഉടൻ പ്രതികരിച്ചിട്ടില്ല. 
ടീം അമേരിക്കയിലെത്തിയപ്പോൾ നിരവധി ഇറാഖ് ആരാധകർ വിമാനത്താവളത്തിൽ സ്വീകരണത്തിനായി എത്തിയിരുന്നു. ദേശീയ പതാകകളുമായെത്തിയ ആരാധകർ താരങ്ങളോടൊപ്പം ചിത്രങ്ങളെടുക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. എന്നാൽ അതിനിടെയാണ് ഹുസൈന് ദീർഘനേരം ചോദ്യം ചെയ്യൽ നേരിടേണ്ടിവന്നത്. 
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ഇറാഖ് ഗ്രൂപ്പ് ഐയിൽ ഫ്രാൻസ്, സെനഗൽ, നോർവേ ടീമുകൾക്കൊപ്പമാണ് ഉൾപ്പെട്ടിരിക്കുന്നത്. 1986-ന് ശേഷം ആദ്യമായാണ് ഇറാഖ് ലോകകപ്പിൽ കളിക്കാൻ യോഗ്യത നേടുന്നത്. ടീമിന്റെ പ്രധാന പ്രതീക്ഷകളിലൊരാളായ അയ്മൻ ഹുസൈനെ ചുറ്റിപ്പറ്റിയുണ്ടായ ഈ സംഭവം ലോകകപ്പ് ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ശ്രദ്ധ നേടുന്നത്.