അൻമോൽ ബിഷ്‌ണോയി ഇന്ത്യയിലേക്കുള്ള കൈമാറ്റത്തിനുള്ള വാതിൽ അടച്ചുകൊണ്ട് തന്ത്രപരമായ നീക്കം നടത്തുകയാണോ?
വാഷിംഗ്ടൺ: ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനും നിരവധി കേസുകളിൽ പ്രതിയുമായ അൻമോൽ ബിഷ്‌ണോയി യുഎസിൽ അഭയം തേടാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം യുഎസിലെ കാലിഫോർണിയയിൽ വച്ചാണ് അൻമോൾ അറസ്റ്റിലായത്. അയോവയിലെ പൊട്ടവതോമി കണ്ടി ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്.
അൻമോലിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ മുംബൈ പൊലീസ് ആരംഭിച്ച സാഹചര്യത്തിലാണ് അഭിഭാഷകൻ മുഖേന യുഎസിൽ അഭയം തേടി അപേക്ഷ നൽകിയത്. ഇയാളുടെ വിവരങ്ങൾ യുഎസ് ജയിൽ വെബ്‌സൈറ്റിൽ ലഭ്യമാണ്. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും രേഖകളില്ലാത്ത കുടിയേറ്റവും കൈകാര്യം ചെയ്യുന്ന ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് അൻമോലുമായി ബന്ധപ്പെട്ട ഒരു കേസ് അന്വേഷിക്കുകയാണെന്ന് വെബ്‌സൈറ്റ് പറയുന്നു. അനധികൃതമായി രാജ്യത്തേക്ക് കടന്നതിനാണ് അറസ്റ്റെന്നാണ് സൂചന.
അറസ്റ്റിന് മുമ്പ് ആഭ്യന്തര സുരക്ഷാ വകുപ്പിൻ്റെ യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് വഴി അൻമോൾ യുഎസിൽ അഭയം തേടിയെന്നാണ് റിപ്പോർട്ട്. ഇതിനുള്ള നടപടികൾ ആരംഭിച്ചതിനാൽ അൻമോളിനെ ഇന്ത്യയിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ ഉടൻ കൈമാറാനാകില്ല. യുഎസ് നിയമം ഇത്തരം കേസുകളിൽ ജാമ്യം അനുവദിക്കുന്നുണ്ട്.
ഇത് മുന് കൂട്ടി കണ്ടാണ് ഇന്ത്യയുടെ നീക്കം
ബാബ സിദ്ദിഖിനെ കൊലപ്പെടുത്താൻ അൻമോൽ ബിഷ്‌ണോയി ഗൂഢാലോചന നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയ കേസിലും ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വീടിന് നേരെയുണ്ടായ വെടിവെയ്പ്പിലും അൻമോൾ പ്രതിയാണ്. ലോറൻസ് ബിഷ്‌ണോയിയുടെ അറസ്റ്റിന് ശേഷം സംഘത്തെ നിയന്ത്രിച്ചിരുന്ന അൻമോൾ കഴിഞ്ഞ വർഷം കാനഡയിലേക്ക് കടന്നിരുന്നു.
2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി കേസുകളിൽ അൻമോളിനെ അധികൃതർ അന്വേഷിക്കുന്നുണ്ട്. ബാബ സിദ്ദിഖിൻ്റെ കൊലപാതകത്തിലും നടൻ സൽമാൻ ഖാൻ്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പിലും അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുന്ന ആളാണ്.
ഈ മാസം ആദ്യം തന്നെ യുഎസിൽ നിന്ന് ഇയാളെ കൈമാറാനുള്ള ശ്രമങ്ങൾ മുംബൈ ക്രൈംബ്രാഞ്ച് ആരംഭിച്ചിരുന്നു. മഹാരാഷ്ട്രയിലെ പ്രത്യേക കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ് അൻമോൾ. ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പ്രതിയാണ്. അൻമോൽ ബിഷ്‌ണോയിക്കെതിരെ ഇൻ്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.