ഫോർച്യൂൺ സൺഫ്ലവർ ഓയിൽ നിലവാരമുള്ളതാണോ?
ഫോർച്യൂൺ ബ്രാൻഡിന്റെ ഫോർട്ടിഫൈഡ് സൺഫ്ലവർ ഓയിൽ നിലവാര മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിർമ്മാതാക്കളായ എഡബ്ല്യുഎൽ അഗ്രി ബിസിനസ് ലിമിറ്റഡിന് (AWL Agri Business) ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐ (FSSAI) പിഴ ചുമത്തി. ഗോവയിൽ ശേഖരിച്ച എണ്ണയുടെ സാമ്പിളിൽ നിർബന്ധമായ അളവിൽ വിറ്റാമിൻ ഡി ഇല്ലെന്ന് ലബോറട്ടറി പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
പരിശോധനയിൽ കണ്ടെത്തിയ പ്രശ്നം പ്രധാനമായും ഫോർട്ടിഫിക്കേഷനുമായി (വിറ്റാമിൻ ഡി അളവ്) ബന്ധപ്പെട്ടതാണെന്നും, എണ്ണയിൽ മായം കലർത്തിയതായോ ഉപഭോഗത്തിന് അപകടകരമാണെന്നോ കണ്ടെത്തിയിട്ടില്ലെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി. ഇതേ തുടർന്നാണ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചത്.
സംഭവത്തിൽ എഫ്എസ്എസ്എഐയുടെ നടപടിക്ക് പിന്നാലെ ഗുണനിലവാര നിയന്ത്രണം കൂടുതൽ ശക്തമാക്കുമെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്നും കമ്പനി അറിയിച്ചു.