തിരുവനന്തപുരം ശശി തരൂറിന്റ കൈകളിൽ തന്നെ?

 
Sasi Tharoor
ലോക്ശഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എല്ലാ കണ്ണുകളും തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്ക്. അവസാന റൗണ്ടിൽ കുതിച്ചെത്തിയ ശശി തരൂർ ലീഡ് തിരികെ പിടിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഒരു ഘട്ടത്തിൽ 23000 ത്തിലേറെ വോട്ടിന് മുന്നേറിയ രാജീവ് ചന്ദ്രശേഖറിനെ തീരദേശ വോട്ടിന്‍റെ കരുത്തിലാണ് തരൂർ പിന്നിലാക്കിയത്. 
ക്രമാനുഗതമായി ലീഡ് വർധിപ്പിച്ച തരൂ‍ർ ഇപ്പോൾ 15,000ത്തിലേറെ വോട്ടിന് മുന്നിലാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15100 വോട്ടിനാണ് മുന്നിട്ടുനിൽക്കുന്നത്. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലെ വോട്ട് എണ്ണിതുടങ്ങിയതിന് പിന്നാലെയാണ് ശശിതരൂർ ലീഡ് ഉയർത്തിയത്. നേരത്തെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറായിരുന്നു മുന്നിൽ.
മത്സരം ഫോട്ടോഫിനിഷിലേക്ക് അടുക്കുമ്പോൾ ശശി തരൂരിന് തന്നെയാണ് തിരുവനന്തപുരം എന്നാണ് വിലയിരുത്തൽ. പന്ന്യൻ രവീന്ദ്രനും എൽഡിഎഫിന്റെ വോട്ട് വർധിപ്പിക്കാനായി. അതേസമയം വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കടുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് കുതിപ്പ്. 17 മണ്ഡലങ്ങളില്‍ യു.ഡി.എഫ് മുന്നേറ്റം . തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി വിജയിച്ചു. എല്‍.ഡി.എഫ് ആലത്തൂരിലും, ആറ്റിങ്ങലും മുന്നില്‍ നില്‍ക്കുന്നു.