‘ഈ രംഗം ഇപ്പോൾ ടോക്സിക്കാണോ?’; ഗീതു മോഹൻദാസിന്റെ ‘കസബ’ വിവാദം വീണ്ടും ചർച്ചയാക്കി രൂപേഷ് പീതാംബരൻ
യാഷ് നായകനായ ‘ടോക്സിക്’ സിനിമയിലെ ചില രംഗങ്ങൾ സ്ത്രീവിരുദ്ധമാണെന്ന വിമർശനങ്ങൾക്കിടെ, 2016ലെ മമ്മൂട്ടി ചിത്രം ‘കസബ’യെ ചർച്ചയാക്കി സംവിധായകൻ രൂപേഷ് പീതാംബരൻ. ‘കസബ’യിലെ വിവാദ രംഗം പങ്കുവെച്ച് സംവിധായിക ഗീതു മോഹൻദാസിനോട് ചോദ്യം ഉന്നയിച്ചാണ് രൂപേഷ് രംഗത്തെത്തിയത്.
“പ്രിയ ഗീതു മോഹൻദാസ്, ഈ രംഗം ഇപ്പോൾ നിങ്ങൾക്ക് ടോക്സിക്കായി തോന്നുന്നുണ്ടോ? അതോ യഥാർഥ ടോക്സിക് ഇതാണോ?” എന്നാണ് രൂപേഷ് സോഷ്യൽ മീഡിയ കുറിപ്പിലൂടെ ചോദിച്ചത്. നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. എന്നിവരെയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
2016ൽ ‘കസബ’ പുറത്തിറങ്ങിയപ്പോൾ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്ത്രീകളോടുള്ള പെരുമാറ്റത്തെ നടി പാർവതി തിരുവോത്ത് വിമർശിച്ചിരുന്നു. അത് സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നായിരുന്നു പാർവതിയുടെ നിലപാട്. അന്ന് ഗീതു മോഹൻദാസ് പാർവതിയെ പിന്തുണച്ചതോടെ വലിയ ചർച്ചകൾക്കും സൈബർ ആക്രമണങ്ങൾക്കും ഇത് വഴിവെച്ചിരുന്നു. പിന്നീട് ‘പുഴു’ എന്ന ചിത്രത്തിൽ മമ്മൂട്ടിയും പാർവതിയും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്’ സിനിമയിലെ ചില രംഗങ്ങൾ സ്ത്രീവിരുദ്ധമാണെന്ന വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് രൂപേഷിന്റെ പുതിയ പരാമർശം. ‘കസബ’ വിവാദം വീണ്ടും ചർച്ചയാകുന്നതോടെ സിനിമയിലെ സ്ത്രീപ്രതിനിധാനം സംബന്ധിച്ച പഴയതും പുതിയതുമായ വാദങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.